യു എസ് : യുഎസിന്റെ കടുത്ത സമ്മർദങ്ങൾ നിലനിൽക്കേയും റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി തുടരാൻ ഇന്ത്യ തയ്യാറാകുന്നു. നവംബറിൽ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി 4 ശതമാനം വർധിച്ചതായി റിപ്പോർട്ടുകൾ. കഴിഞ്ഞ അഞ്ചുമാസത്തിനിടയിലെ ഏറ്റവും ഉയർന്ന തോതാണിത്.സെൻറർ ഫോർ റിസർച് ഓൺ എനർജി ആൻഡ് ക്ലീൻ എയർ (CREA) പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഡിസംബറിലും ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി ശക്തമായ നിലയിൽ തുടരുകയാണ്.
ചൈന മുന്നിൽ, ഇന്ത്യ തൊട്ടുപിന്നിൽ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നവംബറിലും റഷ്യൻ എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താവ് ചൈനയാണ്. റഷ്യയുടെ മൊത്തം എണ്ണ കയറ്റുമതിയിൽ 47 ശതമാനവും ചൈനയിലേക്കായിരുന്നു. ഇന്ത്യ 38 ശതമാനം എണ്ണ വാങ്ങി. ഇത് കഴിഞ്ഞ ഏതാനും മാസങ്ങളിലെ ഏറ്റവും ഉയർന്ന വിഹിതമാണെന്നും റിപ്പോർട്ടുകൾ പറയുന്നു.നവംബറിൽ ഇന്ത്യ ഏകദേശം 260 കോടി യൂറോ മൂല്യമുള്ള എണ്ണയാണ് റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്തത്. ഒക്ടോബറിൽ ഇത് 250 കോടി യൂറോ ആയിരുന്നു. തുർക്കിയിലേക്കും യൂറോപ്യൻ യൂണിയനിലേക്കും 6 ശതമാനം വീതമാണ് റഷ്യൻ എണ്ണ ഒഴുകിയത്.
ഡിസ്കൗണ്ട് കൂട്ടി ഇന്ത്യയെ ഒപ്പം നിർത്താൻ റഷ്യ
ഇന്ത്യൻ വിപണി നിലനിർത്താൻ റഷ്യ കഴിഞ്ഞമാസം എണ്ണയ്ക്ക് നൽകിയ ഡിസ്കൗണ്ട് വർധിപ്പിച്ചു. ബാരലിന് 6.66 ഡോളർ എന്നതാണ് നവംബറിലെ ഡിസ്കൗണ്ട്. ഒക്ടോബറിൽ ഇത് 4.92 ഡോളർ ആയിരുന്നു. സെപ്റ്റംബറിൽ 5.13 ഡോളർ ലഭിച്ചിരുന്നു.ഇന്ത്യ പ്രധാനമായും റഷ്യയിൽ നിന്നുള്ള യൂറൽസ് ഇനം എണ്ണയാണ് വാങ്ങുന്നത്. ഇതിന്റെ ശരാശരി വില ബാരലിന് 55 ഡോളർ. യൂറോപ്യൻ യൂണിയൻ നിശ്ചയിച്ച പരമാവധി വിലയായ 47.6 ഡോളറിനേക്കാൾ കൂടുതലാണിത്.
ഉപരോധം, നയാര എനർജി തുടർച്ചയിൽ
ലൂക്കോയിൽ, റോസ്നെഫ്റ്റ് എന്നീ റഷ്യൻ എണ്ണക്കമ്പനികൾക്ക് നേരെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉപരോധം പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യൻ കമ്പനികൾ പുതിയ ഇറക്കുമതി കരാറുകളിൽ നിന്ന് പിന്മാറിയിരുന്നു. എന്നാൽ റോസ്നെഫ്റ്റിന് 49 ശതമാനം ഓഹരിപങ്കാളിത്തമുള്ള നയാര എനർജി റഷ്യൻ എണ്ണ ഇറക്കുമതി തുടർന്നുകൊണ്ടിരിക്കുകയാണ്.റിലയൻസ് ഇൻഡസ്ട്രീസ്, ഇന്ത്യൻ ഓയിൽ ഉൾപ്പെടെയുള്ള പൊതുമേഖലാ കമ്പനികൾ നിലവിൽ ഗൾഫ്, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള എണ്ണയാണ് പ്രധാനമായും വാങ്ങുന്നത്.
ഡിസംബറിലും റെക്കോർഡ് സാധ്യത
നവംബറിൽ പ്രതിദിനം 1.83 മില്യൺ ബാരൽ റഷ്യൻ എണ്ണയാണ് ഇന്ത്യയിലെത്തിയത്. കെപ്ലർ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഡിസംബറിൽ ഇത് 1.85 മില്യൺ ബാരലായി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ജൂണിൽ രേഖപ്പെടുത്തിയ 2.10 മില്യൺ ബാരലെന്ന ഉയരം ഈമാസം മറികടക്കുമെന്നാണ് വിലയിരുത്തൽ
ട്രംപിന്റെ മുന്നറിയിപ്പ്: എണ്ണവില ഉയരാം
സിറിയയിൽ ഐഎസ് ആക്രമണത്തിൽ രണ്ട് യുഎസ് സൈനികരും ഒരു യുഎസ് പൗരനും കൊല്ലപ്പെട്ട സംഭവത്തിൽ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. മധ്യേഷ്യ വീണ്ടും യുദ്ധഭീഷണിയിലാകുന്ന സാഹചര്യത്തിൽ രാജ്യാന്തര എണ്ണവില ഉയരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.എന്നാൽ ഗൾഫ് ഓഫ് ഒമാനിൽ ഇറാൻ ചില എണ്ണക്കപ്പലുകൾ പിടിച്ചെടുക്കുകയും, കരീബിയൻ കടലിൽ യുഎസ് നടപടി സ്വീകരിക്കുകയും, യുക്രെയ്ൻ റഷ്യൻ എണ്ണടാങ്കറുകൾ ആക്രമിക്കുകയും ചെയ്തിട്ടും ക്രൂഡ് ഓയിൽ വില അപ്രതീക്ഷിതമായി താഴ്ന്നു.ഡബ്ല്യുടിഐ ക്രൂഡ് വില 0.28% കുറഞ്ഞ് ബാരലിന് 57.44 ഡോളറിലേക്കും, ബ്രെന്റ് ക്രൂഡ് 0.26% താഴ്ന്ന് 61.12 ഡോളറിലേക്കുമാണ് എത്തിയത്.
റഷ്യയ്ക്ക് വരുമാനത്തകർച്ച
ഡിസ്കൗണ്ട് വർധനയും ഉപരോധങ്ങളും യുക്രെയ്ൻ ആക്രമണവും ചേർന്ന് റഷ്യയുടെ എണ്ണവരുമാനം കനത്ത ഇടിവിലേക്കാണ് നീങ്ങുന്നത്. ഡിസംബറിൽ വരുമാനം 50 ശതമാനം വരെ ഇടിയുമെന്നാണ് വിലയിരുത്തൽ.ഈമാസത്തെ എണ്ണവരുമാനം 5.15 ബില്യൺ ഡോളറായിരിക്കും. 2020 ഓഗസ്റ്റിന് ശേഷം ലഭിക്കുന്ന ഏറ്റവും കുറഞ്ഞ വരുമാനമാണിത്. നവംബറിൽ തന്നെ റഷ്യയുടെ വരുമാനം 35 ശതമാനം ഇടിഞ്ഞിരുന്നു. യുക്രെയ്ൻ ആക്രമണത്തെ തുടർന്ന് കരിങ്കടൽ വഴിയുള്ള കയറ്റുമതിക്ക് തടസ്സം നേരിടുന്നതും റഷ്യയ്ക്ക് തിരിച്ചടിയായി.


