കോട്ടയം: കേരള കോണ്‍ഗ്രസുകാർ തമ്മിലുള്ള വാക്പോര് തുടരുന്നു. ‘പരുന്തിൻ്റെ പുറത്തിരിക്കുന്ന കുരുവി’യെന്ന ജോസഫ് വിഭാഗത്തിനെതിരായ ജോസ് കെ മാണിയുടെ പ്രസ്താവനയിൽ തിരിച്ചടിച്ച് മോൻസ് ജോസഫ്. പരുന്തിന്റെ മുകളിലെ കുരുവി ജോസ് കെ മാണിയും കൂട്ടരുമാണെന്ന് മോൻസ് ജോസഫ് മറുപടി നൽകി. പരുന്തിന്റെ മുകളിൽ നിന്ന് താഴെ വീണു ചതഞ്ഞരഞ്ഞ് പോയവരാണ് ജോസ് കെ മാണിയും കൂട്ടരും. ജോസ് കെ മാണി ഇല്ലാതെയാണ് യുഡിഎഫ് തദ്ദേശ തെരഞ്ഞെടുപ്പിൽ കരുത്ത് കാട്ടിയത്. ജോസ് കെ മാണി വിഭാഗത്തെ മുന്നണിയിലേക്ക് ക്ഷണിക്കുന്നത് യുഡിഎഫ് നേതാക്കൾ അവസാനിപ്പിക്കണമെന്നും മോൻസ് ജോസഫ് ആവശ്യപ്പെട്ടു.
സ്വന്തം അവസ്ഥ ഓർത്ത് ജോസ് കെ മാണി പരിതപിക്കുകയാണെന്ന് മോൻസ് കെ ജോസഫ് പറഞ്ഞു. പാലാ നഗരസഭ കേരളാ കോൺഗ്രസിന് നഷ്ടമായി. ഇടുക്കിയിലെ വിജയത്തിന്റെ ക്യാപ്റ്റൻ പി ജെ ജോസഫാണ്. യുഡിഎഫ് കരുത്ത് കാട്ടിയത് ജോസ് കെ മാണി ഇല്ലാതെയാണ്. ജോസ് കെ മാണിയുടെ പിന്നാലെ നടക്കേണ്ടതില്ല. യുഡിഎഫ് നേതാക്കൾ പരസ്യമായി ക്ഷണിക്കുന്നതും ശരിയല്ലെന്ന് മോൻസ് ജോസഫ് പ്രതികരിച്ചു.


