പത്തനംതിട്ട:മണ്ഡലപൂജയ്ക്ക് മുന്നോടിയായി ശബരിമല സന്നിധാനത്ത് ദേവസ്വം ബോർഡ് ജീവനക്കാരുടെ കര്‍പ്പൂരദീപ ഘോഷയാത്ര ചൊവ്വാഴ്ച (ഡിസംബർ 23) വൈകുന്നേരം നടക്കും.വൈകിട്ട് 6.30ന് സന്ധ്യാ ദീപാരാധനയ്ക്ക് ശേഷം തന്ത്രിയും മേൽശാന്തിയും ചേർന്ന് തിരി തെളിച്ച് ഘോഷയാത്രയ്ക്ക് തുടക്കം കുറിക്കും. കൊടിമരച്ചുവട്ടിൽ നിന്നാരംഭിക്കുന്ന ഘോഷയാത്ര ഫ്ലൈ ഓവറിലൂടെ മാളികപ്പുറം ക്ഷേത്രസന്നിധിയിലെത്തി വാവരുനടവഴി പതിനെട്ടാംപടിക്ക് സമീപം അവസാനിക്കും.പുലിവാഹനത്തിലേറിയ അയ്യപ്പന്റെ എഴുന്നള്ളത്ത്, വിവിധ ദേവതാരൂപങ്ങൾ, വർണകാവടി, മയിലാട്ടം, ചെണ്ടമേളം എന്നിവ ഘോഷയാത്രയുടെ പ്രധാന ആകർഷണങ്ങളായിരിക്കും.
ദേവസ്വം ബോർഡ് പ്രസിഡന്റ്, ബോർഡ് അംഗങ്ങൾ, ദേവസ്വം ജീവനക്കാർ, വിവിധ സർക്കാർ വകുപ്പുകളിലെ ജീവനക്കാർ തുടങ്ങിയവർ ഘോഷയാത്രയിൽ പങ്കെടുക്കും.ഇതിനുപുറമേ, സന്നിധാനത്ത് സേവനമനുഷ്ഠിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ കര്‍പ്പൂരാഴി ഘോഷയാത്ര ബുധനാഴ്ച (ഡിസംബർ 24) വൈകിട്ടത്തെ ദീപാരാധനയ്ക്ക് ശേഷം നടത്തുമെന്ന് അധികൃതർ അറിയിച്ചു.


