ന്യൂസ് ഡെസ്ക് :ആലപ്പുഴ, കോട്ടയം ജില്ലകളിൽ പക്ഷിപ്പനി (H5N1) സ്ഥിരീകരിച്ചതിന് പിന്നാലെ സംസ്ഥാനത്ത് ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. നിലവിൽ കേരളത്തിൽ മനുഷ്യരിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, രോഗവ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികൾ കർശനമാക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു.ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് നിർണായക തീരുമാനങ്ങൾ എടുത്തത്. ഇതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് പ്രത്യേക സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രോസീജർ (SOP) പുറത്തിറക്കി.
പക്ഷികളുടെ മാംസവും മുട്ടയും നന്നായി വേവിച്ച ശേഷം മാത്രമേ ഭക്ഷിക്കാവൂ എന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. പകുതി വേവിച്ച മുട്ടയോ ഇറച്ചിയോ കഴിക്കുന്നത് ഒഴിവാക്കണം.പച്ചമാംസം കൈകാര്യം ചെയ്യുന്നവരും പക്ഷികളെ വളർത്തുന്നവരും നിർബന്ധമായും മാസ്കും കയ്യുറകളും ധരിക്കണം. പക്ഷികളുമായി സമ്പർക്കത്തിൽ വരുന്നവർ കൃത്യമായ ഇടവേളകളിൽ സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകണമെന്നും നിർദേശമുണ്ട്.പക്ഷികളോ മറ്റ് സസ്തനികളോ അസ്വാഭാവികമായി ചത്തൊടുങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ മൃഗസംരക്ഷണ വകുപ്പിനെ വിവരം അറിയിക്കണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചത്ത പക്ഷികളെ നേരിട്ട് കൈകാര്യം ചെയ്യുന്നത് പൂർണമായും ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.മനുഷ്യരിൽ പക്ഷിപ്പനി ബാധിച്ചാൽ കഠിനമായ പനി, ചുമ, ശരീരവേദന, ശ്വാസംമുട്ടൽ തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകാം. അതേസമയം, പക്ഷികളിൽ തീറ്റ എടുക്കാൻ മടി, പൂവിലും കൊക്കിലും നീലനിറം, മുട്ട ഉൽപ്പാദനത്തിലെ കുറവ് എന്നിവ കണ്ടാൽ പ്രത്യേക ശ്രദ്ധ നൽകണമെന്ന് നിർദേശിച്ചു.സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ജില്ലാതലത്തിൽ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. ആവശ്യമായ മരുന്നുകളും പി.പി.ഇ കിറ്റുകളും ആശുപത്രികളിൽ സജ്ജമാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. രോഗബാധിത പ്രദേശങ്ങളിൽ ‘വൺ ഹെൽത്ത്’ വോളന്റിയർമാരുടെ നേതൃത്വത്തിൽ ബോധവത്കരണ പ്രവർത്തനങ്ങളും ശക്തമാക്കിയിട്ടുണ്ട്.


