തിരുവനന്തപുരം:തിരുവനന്തപുരം കോർപ്പറേഷനിൽ കൗൺസിലർമാരുടെ സത്യപ്രതിജ്ഞയ്ക്കിടെ ദൈവങ്ങളുടെയും മതചിഹ്നങ്ങളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെതിരെ സിപിഐഎം പരാതി നൽകി. കോൺഗ്രസ്, ബിജെപി കൗൺസിലർമാർ സത്യപ്രതിജ്ഞാ ചട്ടം ലംഘിച്ചുവെന്നാരോപിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയത്.ആകെ 20 കൗൺസിലർമാർക്കെതിരെയാണ് പരാതി. അയ്യപ്പൻ, കാവിലമ്മ, ആറ്റുകാലമ്മ, ഗുരുദേവൻ, ബലിദാനികൾ എന്നിവരുടെ പേരിലാണ് ഇവർ സത്യപ്രതിജ്ഞ ചൊല്ലിയതെന്നാണ് സിപിഐഎം ആരോപിക്കുന്നത്.
ജില്ലയിൽ മറ്റ് പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഇത്തരത്തിലുള്ള സത്യപ്രതിജ്ഞകൾ തിരുത്തിയിരുന്നുവെങ്കിലും തിരുവനന്തപുരം കോർപ്പറേഷനിൽ അത് നടപ്പാക്കിയില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.സത്യപ്രതിജ്ഞാ ദിനത്തിൽ കോർപ്പറേഷനിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ദൈവങ്ങളുടെ പേരിലുള്ള സത്യപ്രതിജ്ഞയ്ക്ക് പുറമേ ‘ശരണം’ വിളികളും ഗണഗീതവും ഉൾപ്പെടെയുള്ള പ്രകടനങ്ങളും ഉണ്ടായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുന്നുകുഴി വാർഡ് കൗൺസിലറും യുഡിഎഫ് നേതാവുമായ മേരി പുഷ്പം സത്യപ്രതിജ്ഞയ്ക്ക് ശേഷം മുഷ്ടി ചുരുട്ടി ‘സ്വാമിയേ ശരണം അയ്യപ്പ’ എന്ന് വിളിച്ചതും വിവാദമായി.സ്വർണക്കൊള്ള വിഷയത്തിൽ പ്രതിഷേധം രേഖപ്പെടുത്താനാണ് താൻ ശരണം വിളിച്ചതെന്നും പാർട്ടിയോട് ഇക്കാര്യം മുൻകൂട്ടി അറിയിച്ചിരുന്നുവെന്നുമാണ് മേരി പുഷ്പത്തിന്റെ വിശദീകരണം.ഇതിനിടെ, സത്യപ്രതിജ്ഞ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ കൗൺസിൽ ഹാളിന് സമീപത്ത് നിന്നു ബിജെപി പ്രവർത്തകർ ഗണഗീതം പാടിയതും രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചു.


