ശബരിമല സ്വർണ്ണക്കൊള്ള കേസ്:പ്രതി എ. പത്മകുമാറിന്റെ റിമാൻഡ് കാലാവധി നീട്ടി കോടതി; എല്ലാം അയ്യപ്പൻ നോക്കിക്കൊള്ളുമെന്ന് റിമാൻഡ് നീട്ടലിന് പിന്നാലെ പത്മകുമാറിന്റെ പ്രതികരണം

പത്തനംതിട്ട:ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ ജയിലിൽ തുടരും. അദ്ദേഹത്തിന്റെ റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് കൂടി കോടതി നീട്ടി. പത്മകുമാറിന്റെ ജാമ്യഹർജി അടുത്ത മാസം 7ന് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
കൊല്ലം വിജിലൻസ് കോടതിയിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ മാധ്യമങ്ങളോട് പ്രതികരിച്ച പത്മകുമാർ, “എല്ലാം അയ്യപ്പൻ നോക്കിക്കൊള്ളും” എന്ന് പറഞ്ഞു. ദൈവതുല്യൻ ആരെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, “ശവം തീനികളല്ല” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി, ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധൻ, സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി എന്നിവരെ ചോദ്യം ചെയ്യുന്നതിനായി അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ സമർപ്പിച്ചു. ഒരു ദിവസത്തേക്കാണ് കസ്റ്റഡി അപേക്ഷ നൽകിയിരിക്കുന്നത്. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.

Advertisements


ഇതിനിടെ, കേസുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെതിരെ ബോർഡ് മുൻ അംഗം എൻ. വിജയകുമാർ അന്വേഷണ സംഘത്തിന് മൊഴി നൽകി. പാളികൾ പുതുക്കണമെന്ന ആവശ്യം ബോർഡിൽ ഉന്നയിച്ചത് പത്മകുമാറാണെന്ന് വിജയകുമാർ പറഞ്ഞു. സർക്കാരിന് കൂടുതൽ നാണക്കേട് ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് കീഴടങ്ങിയതെന്നും അദ്ദേഹം മൊഴിയിൽ വ്യക്തമാക്കി.കാര്യങ്ങളെല്ലാം അറിയാവുന്നത് എ. പത്മകുമാറിനാണെന്നും, “സഖാവ് പറഞ്ഞപ്പോൾ ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും” വിജയകുമാർ എസ്‌ഐടിക്ക് നൽകിയ മൊഴിയിൽ പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രേഖകൾ വായിക്കാതെ ഒപ്പിട്ടുവെന്നും മൊഴിയിലുണ്ട്. എന്നാൽ വിജയകുമാറിന്റെ മൊഴി അന്വേഷണ സംഘം പൂർണമായി വിശ്വാസത്തിലെടുത്തിട്ടില്ല. നിലവിൽ ജുഡീഷ്യൽ റിമാൻഡിൽ കഴിയുന്ന വിജയകുമാറിനെ വീണ്ടും കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
അതേസമയം, ശബരിമല സ്വർണ്ണക്കൊള്ള കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) വിപുലീകരിക്കണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. രണ്ട് ഉദ്യോഗസ്ഥരെ കൂടി സംഘത്തിൽ ഉൾപ്പെടുത്താൻ കോടതി അനുമതി നൽകി. ഉദ്യോഗസ്ഥരുടെ കുറവ് അന്വേഷണം ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എസ്‌ഐടി ഹൈക്കോടതിയെ സമീപിച്ചത്.

Hot Topics

Related Articles