കോഴിക്കോട്:വീട്ടിൽ നിന്ന് പിണങ്ങി ഇറങ്ങിയ പതിനാറുകാരിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. കോഴിക്കോട് സിറ്റി പൊലീസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കാസർഗോഡ് സ്വദേശികളായ മുഹമ്മദ് ഷമീം, മുഹമ്മദ് റയീസ് എന്നിവരാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.ഇക്കഴിഞ്ഞ 20-നാണ് പെരിന്തൽമണ്ണ സ്വദേശിയായ 16കാരി രക്ഷിതാക്കളുമായി പിണങ്ങി വീട്ടിൽ നിന്ന് ഇറങ്ങിയത്. തുടർന്ന് പ്രതികൾ പെൺകുട്ടിയെ പന്തീരാങ്കാവിലെ ഒരു ഫ്ലാറ്റിൽ എത്തിച്ച് ബലാത്സംഗം ചെയ്തതായാണ് പൊലീസ് പറയുന്നത്. ഫ്ലാറ്റിൽ വെച്ച് മുഖ്യപ്രതികളായ പുതുപ്പാടി സ്വദേശി മുഹമ്മദ് സാലിഹും ഷബീർ അലിയും ചേർന്ന് പെൺകുട്ടിക്ക് ലഹരിമരുന്ന് നൽകി പീഡിപ്പിക്കുകയായിരുന്നു.
സംഭവത്തിന് ശേഷം 22-ന് അർധരാത്രിയോടെ പെൺകുട്ടിയെ ബീച്ചിൽ കൊണ്ടുവിട്ട് പ്രതികൾ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പട്രോളിംഗ് നടത്തുകയായിരുന്ന വനിതാ പൊലീസ് സംഘമാണ് പെൺകുട്ടിയെ കണ്ടെത്തിയത്.പെൺകുട്ടി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് ഫ്ലാറ്റ് തിരിച്ചറിഞ്ഞു. ഇതിന്റെ തുടർച്ചയായി മുഖ്യപ്രതികളായ മുഹമ്മദ് സാലിഹിനെയും ഷബീർ അലിയെയും പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പന്തിരിക്കര സ്വദേശിയായ ഇർഷാദിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതിയുമാണ് മുഹമ്മദ് സാലിഹ്.പ്രതികളിൽ നിന്ന് ലഭിച്ച വിവരങ്ങൾ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് കാസർഗോഡ് സ്വദേശികളായ മുഹമ്മദ് ഷമീമിനെയും മുഹമ്മദ് റയീസിനെയും കൂടി അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ പേരുടെ പങ്ക് ഉണ്ടോയെന്ന് പൊലീസ് അന്വേഷണം തുടരുകയാണ്.


