കൊച്ചി:നടൻ മോഹൻലാലിൻ്റെ അമ്മ ശാന്തകുമാരിയുടെ അപ്രതീക്ഷിതമായ വിയോഗം മലയാളികൾക്ക് വലിയൊരു ഞെട്ടലായി. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്ന ശാന്തകുമാരി കൊച്ചി എളമക്കരയിലെ വസതിയിലായിരുന്നു അന്ത്യം.അമ്മയുടെ ആരോഗ്യനില മോശമായിരുന്ന സമയത്ത് മോഹൻലാൽ അമ്മയെക്കുറിച്ച് എഴുതിയ ഹൃദയസ്പർശിയായ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധ നേടുന്നത്. രണ്ട് വർഷങ്ങൾക്ക് മുൻപ് പങ്കുവെച്ച കുറിപ്പിൽ, പക്ഷാഘാതത്തെ തുടർന്ന് അമ്മയ്ക്ക് സംസാരിക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.കണ്ണുകളിലൂടെയാണ് താൻ അമ്മയോട് സംസാരിക്കുന്നതെന്നും, അമ്മയുടെ കണ്ണുകളിൽ നോക്കിയിരിക്കുമ്പോൾ ആ സ്നേഹവും വാൽസല്യവും തനിക്ക് അനുഭവിക്കാൻ കഴിയുന്നുവെന്നും ലാൽ കുറിച്ചിരുന്നു.
അമ്മയുടെ സ്പർശനത്തിലും തലോടലിലും തലയിളക്കത്തിലും ഒരു ഭാഷ തിരിച്ചറിയാൻ തനിക്ക് സാധിക്കുന്നുവെന്നും അദ്ദേഹം എഴുതി.“പണ്ട് അമ്മ ഉരുള ഉരുട്ടി തന്നതുപോലെ, ഇപ്പോൾ ഞാൻ അമ്മയെ ഊട്ടാറുണ്ട്” എന്ന വാക്കുകൾ ഏറെ വികാരനിർഭരമായിരുന്നു. അമ്മയുടെ അടുത്തിരിക്കുമ്പോൾ ജീവിതത്തിന്റെ ഒരു ചക്രം പൂർത്തിയാകുന്നതായി താൻ അനുഭവിക്കുന്നുവെന്നും, അതിലൂടെ മനുഷ്യജീവിതത്തെ കൂടുതൽ ആഴത്തിൽ തിരിച്ചറിയുന്നുവെന്നും മോഹൻലാൽ കുറിച്ചു.അമ്മയെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം മനസ്സ് നിറഞ്ഞ് സംസാരിച്ചിരുന്ന മോഹൻലാൽ, അമ്മയുടെ രോഗാവസ്ഥയെക്കുറിച്ച് പറയുമ്പോൾ പലപ്പോഴും കണ്ണുനിറഞ്ഞ് വാക്കുകൾ അവസാനിപ്പിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ചപ്പോഴും ആദ്യം അദ്ദേഹം ഓടിയെത്തിയത് അമ്മയുടെ അടുക്കലേക്കായിരുന്നു.മലയാളികളുടെ പ്രിയനടൻ്റെ അമ്മയോടുള്ള ഈ ആത്മബന്ധമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹൃദയം തൊടുന്ന ഓർമ്മയായി മാറുന്നത്.


