ടെഹ്റാൻ : പ്രക്ഷോഭം കത്തുന്ന ഇറാനില്‍ ഭരണകൂടത്തിനെതിരെ സൈനിക നടപടിക്ക് ഒരുങ്ങിയ അമേരിക്ക അയയുന്നു. ഇസ്രയേല്‍ അടക്കം രാജ്യങ്ങള്‍ ഇറാനെതിരായ സൈനിക നടപടിക്ക് ഇപ്പോള്‍ ഒരുങ്ങരുതെന്ന് നിർദ്ദേശിച്ചതോടെയാണ് ഡോണള്‍ഡ് ട്രംപിന്റെ പിൻമാറ്റം.ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് എന്നിവരുമായി സംസാരിച്ചു. ഇറാനെ അമേരിക്ക ആക്രമിച്ചാല്‍ മിഡില്‍ ഈസ്റ്റ് മേഖലയില്‍ സംഘർഷം വ്യാപിക്കുമെന്ന് ആശങ്ക നെതന്യാഹു പങ്കുവെച്ചു. ഇതോടൊപ്പം സൗദി, ഈജിപ്ത്. ഒമാൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങളും സൈനിക നടപടിയില്‍ നിന്ന് പിന്തിരിയാൻ അമേരിക്കയോട് ആവശ്യപ്പെട്ടു. സൈനിക നടപടിക്ക് ശേഷവും ഇറാൻ സർക്കാരിനെ താഴെയിറക്കാൻ സാധിച്ചേക്കില്ലെന്നും ഡോണള്‍ഡ് ട്രംപിന് അറബ് രാജ്യങ്ങള്‍ ഉപദേശം നല്‍കിയിട്ടുണ്ട്.
അതേ സമയം, ഇറാൻ സർക്കാരിലെ ഉന്നതർക്കും, സ്ഥാപനങ്ങള്‍ക്കുമെതിരെ അമേരിക്ക സാമ്പത്തിക ഉപരോധം ചുമത്തിയിട്ടുണ്ട്. ആഗോള ബാങ്കിങ്, സാമ്പത്തിക സംവിധാനങ്ങള്‍ ഇറാൻ സർക്കാർ സ്ഥാപനങ്ങള്‍ ഉപയോഗിക്കുന്നത് തടയാനാണ് നീക്കം. പ്രക്ഷോഭകാരികളെ സഹായിക്കാൻ അമേരിക്ക സൈനികമായി ഇടപെടുകയാണെങ്കില്‍ മേഖലയിലെ യുഎസ് സൈനിക താവളങ്ങള്‍ തകർക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നല്‍കിയിരുന്നു. യുഎഇ, ഖത്തർ, തുർക്കി സൌദി അറേബ്യ തുടങ്ങിയ രാജ്യങ്ങള്‍ക്കാണ് ഇറാന്റെ മുന്നറിയിപ്പ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആഭ്യന്തര പ്രക്ഷോഭം രൂക്ഷമായ ഇറാനില്‍, അമേരിക്ക ആക്രമണം നടത്തിയേക്കുമെന്ന അഭ്യൂഹം പരന്നതോടെ ഇന്ത്യാക്കാരെ ഒഴിപ്പിക്കാൻ കേന്ദ്രസർക്കാർ നീക്കം തുടങ്ങി. ഏകദേശം പതിനായിരത്തോളം ഇന്ത്യാക്കാർ ഇറാനിലുണ്ടെന്നാണ് നിഗമനം. ഇതിൻ്റെ അടിസ്ഥാനത്തിലാണ് രക്ഷാദൗത്യം പുരോഗമിക്കുന്നത്. ഇറാനില്‍ നിന്ന് ഒഴിപ്പിക്കാനുള്ളവരുടെ ആദ്യ പട്ടികയില്‍ ഉള്‍പ്പെട്ടവരോട് തയ്യാറായി നില്‍ക്കാൻ ഇന്ത്യൻ എംബസി നിർദ്ദേശം നല്‍കി. ഇറാൻ അധികൃതർ സഹകരിക്കുന്നുണ്ടെന്നാണ് സർക്കാർ വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. വിദ്യാർത്ഥികളോടും മടങ്ങാൻ ഇന്ത്യ നിർദ്ദേശം നല്‍കി. സ്ഥിതി വിദേശകാര്യമന്ത്രാലയം വീണ്ടും വിലയിരുത്തും.


