ചിത്രം : 78ാം ജൻമദിനത്തിന്റെ ഭാഗമായി കണ്ടനാട് വെസ്റ്റ് ഭദ്രാസന വൈദിക കുടുംബ യോഗം സംഘടിപ്പിച്ച പിറന്നാൾ ആഘോഷത്തിൽ മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ കുട്ടികൾക്കൊപ്പം കേക്ക് മുറിക്കുന്നു. സഖറിയാ മാർ സേവേറിയോസ് മെത്രാപ്പോലീത്താ സമീപം.
പിറമാടം : കഷ്ടത അനുഭവിക്കുന്നവരെ സഹായിക്കുമ്പോഴാണ് ക്രൈസ്തവദൗത്യം പൂർണമാകുന്നതെന്ന് മലങ്കരസഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. 78ാം ജൻമദിനത്തോട് അനുബന്ധിച്ച് കണ്ടനാട് വെസ്റ്റ് ഭദ്രാസന വൈദിക കുടുംബയോഗം പിറമാടം പ്രത്യാശാഭവനിൽ സംഘടിപ്പിച്ച പിറന്നാൾ ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവാ. നിരാലംബർക്ക് വെളിച്ചമേകാൻ ഏവർക്കും കഴിയണം. ആളുകൾ നൽകുന്ന പണം പ്രതിസന്ധി നേരിടുന്നവർക്ക് കൈമാറുന്ന ഒരു പോസ്റ്റ്മാന്റെ ദൗത്യം മാത്രമാണ് താൻ നിർവഹിക്കുന്നതെന്നും പരിശുദ്ധ ബാവാ കൂട്ടിച്ചേർത്തു. കരുണയുടെ വറ്റാത്ത നീരുറവയായി ഇനിയും അനേകരിലേക്ക് ഒഴുകിയെത്താൻ പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് കഴിയട്ടെയെന്ന് മുഖ്യ സന്ദേശം നൽകിയ കണ്ടനാട് വെസ്റ്റ് ഭദ്രാസന സഹായ മെത്രാപ്പോലീത്താ സഖറിയാ മാർ സേവേറിയോസ് ആശംസിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, മലങ്കര മൽപ്പാൻ ഫാ.ഡോ.ജോൺസ് ഏബ്രഹാം കോനാട്ട് റീശ് കോർ എപ്പിസ്ക്കോപ്പാ, ഭദ്രാസന സെക്രട്ടറി ഫാ ജോസ് തോമസ് പൂവത്തുങ്കൽ എന്നിവർ ആശംസകൾ നേർന്നു. വൈദിക കുടുംബത്തിന്റെ ഉപഹാരം ഭദ്രാസനത്തിലെ മുതിർന്ന വൈദികർ ചേർന്ന് പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് സമ്മാനിച്ചു.
കണ്ടനാട് വെസ്റ്റ് ഭദ്രാസന ശതോത്തര കനക ജൂബിലി സപ്ലിമെന്റ് സഭാധ്യക്ഷൻ പ്രകാശനം ചെയ്തു. കുട്ടികൾക്കൊപ്പം കേക്ക് മുറിച്ച് പരിശുദ്ധ കാതോലിക്കാ ബാവാ 78ാം ജൻമദിന സന്തോഷം പങ്കിട്ടു. പ്രത്യാശഭവനിലെ അന്തേവാസികൾക്കായി സ്നേഹവിരുന്നും ഒരുക്കിയിരുന്നു. സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ഭദ്രാസന കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


