കൊളംബോ: ടി-20 ലോകകപ്പില്‍ ഒമാനെതിരെ 96 റണ്‍സിന്റെ കൂറ്റൻ വിജയം സ്വന്തമാക്കി അയർലാൻഡ്. കൊളംബോയില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അയർലാൻഡ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സിന്റെ കൂറ്റൻ ടോട്ടലാണ് ഒമാന് മുന്നില്‍ പടുത്തുയർത്തിയത്.വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഒമാൻ 18 ഓവറില്‍ 139 റണ്‍സിന് പുറത്തായി.
പരാജയപ്പെട്ടെങ്കിലും ഒമാൻ താരം അമീർ കലീമിന്റെ പോരാട്ടവീര്യമാണ് ഏറെ ശ്രദ്ധേയമായത്. 29 പന്തില്‍ നിന്നും 50 റണ്‍സ് നേടിയാണ് ആമിർ തിളങ്ങിയത്. അഞ്ച് ഹോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. ഇതോടെ ഐസിസി ടൂർണമെന്റുകളില്‍ അർദ്ധ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കൂടിയ താരമായും ആമിർ മാറി. 44 വയസ്സും 86 ദിവസവും പ്രായമുള്ളപ്പോഴാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. പലരും വിരമിക്കുന്ന പ്രായത്തിലാണ് ആമിർ ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളതെന്ന് ഈ റെക്കോർഡിന്റെ തിളക്കം കൂട്ടുന്നു. ഹമ്മദ് മിർസ 37 പന്തില്‍ ആറ് ഫോറുകളും ഒരു സിക്സുമടക്കം 46 റണ്‍സും സ്വന്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അയർലാൻഡിന് വേണ്ടി ജോഷുവ ലിറ്റില്‍ മൂന്ന് വിക്കറ്റുകളും മാത്യു ഹംഫ്രീസ്, ബാരി മക്കാർത്തി എന്നിവർ രണ്ടു വീതം വിക്കറ്റുകളും നേടിയപ്പോള്‍ ഒമാൻ തകർന്നടിയുകയായിരുന്നു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത അയർലാൻഡിന് വേണ്ടി ക്യാപ്റ്റൻ ലോർകാൻ ട്രക്കർ 51 പന്തില്‍ 94 നേടി ടോപ് സ്കോററായി. 10 ഫോറുകളും നാല് സിക്സുകളും ആയിരുന്നു ഐറിഷ് ക്യാപ്റ്റന്റെ ബാറ്റില്‍ നിന്നും പിറന്നത്. ഗാരെത് ഡെലാനി അർദ്ധ സെഞ്ച്വറിയും നേടി തിളങ്ങി. 30 പന്തില്‍ 56 റണ്‍സ് ആണ് താരം അടിച്ചെടുത്തത്. മൂന്ന് ഫോറുകളും നാല് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. അവസാന ഓവറുകളില്‍ ഒമ്പത് പന്തില്‍ അഞ്ച് സിക്സുകള്‍ അടക്കം 35 റണ്‍സ് നേടിയ ജോർജ് ഡോക്റലും അയർലാൻഡിന് കൂറ്റൻ ടോട്ടല്‍ സമ്മാനിക്കുന്നതില്‍ നിർണായകമായി.
നിലവില്‍ ഗ്രൂപ്പ് ബിയില്‍ മൂന്ന് മത്സരങ്ങളില്‍ നിന്നും ഒരു വിജയവും രണ്ട് തോല്‍വിയും അടക്കം രണ്ടു പോയിന്റോടെ നാലാം സ്ഥാനത്താണ് അയർലാൻഡ്. അതേസമയം മറുഭാഗത്ത് മൂന്നു മത്സരങ്ങളും പരാജയപ്പെട്ട ഒമാൻ പോയിന്റൊന്നുമില്ലാതെ അവസാന സ്ഥാനത്തുമാണ്.


