കോട്ടയം കുമാരനല്ലൂരിൽ പെട്ടി ഓട്ടോറിക്ഷയും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു: മരിച്ചത് ഏറ്റുമാനൂർ 101 കവല സ്വദേശി 

കോട്ടയം:  കുമാരനല്ലൂരിൽ പെട്ടി ഓട്ടോറിക്ഷയും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. 101 കവല സ്വദേശിയായ ഓട്ടോ ഡ്രൈവർ അനസ് ആണ് മരിച്ചത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ശനിയാഴ്ച രാത്രി 11.30 ഓടെ കോട്ടയം കുമാരനല്ലൂർ കവലയിൽ കാണിക്കവഞ്ചിയ്ക്ക് സമീപമായിരുന്നു അപകടം. എം. സി റോഡിൽ കോട്ടയം ഭാഗത്ത് നിന്നും വരികയായിരുന്നു ഓട്ടോറിക്ഷ. ഈ സമയം മുന്നിൽ പോയ തടി ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർദിശയിൽ നിന്നും എത്തിയ ടാങ്കർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. 

Advertisements

ഡ്രൈവർ ഓട്ടോയ്ക്കുള്ളിൽ പൂർണമായും ഞെരുങ്ങിയമർന്ന നിലയിലായിരുന്നു. കോട്ടയം അഗ്നിരക്ഷാസേന സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ജി. അരുൺ കുമാറിൻ്റെ നേതൃത്വത്തിലെത്തിയ സേനാംഗങ്ങൾ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ഓട്ടോ വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. ഗുരുതര പരിക്കോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അനസ് എന്നാണ് പേരെന്നും മറ്റ് വിവരങ്ങൾ ലഭ്യമല്ലെന്നും പോലീസ് അറിയിച്ചു. രക്ഷാപ്രവർത്തനത്തിന് കോട്ടയം അഗ്നിരക്ഷാസേനയിലെ അനുമോൾ, സുവിൻ, അരുൺ, അർജുൻ, അനീഷ് ജി. നായർ, ഷെഫീഖ്, പ്രമോദ് തുടങ്ങിയവര് പങ്കാളികളായി.

Hot Topics

Related Articles