കോട്ടയം: കുടുംബശ്രീയുടെ സാന്ത്വനം മിത്രം പദ്ധതിയുടെ ഭാഗമായുള്ള കെയർ ടേക്കർ പരിശീലനത്തിന് പാമ്പാടി ബ്ലോക്കിൽ തുടക്കമായി. കിടങ്ങൂർ പഞ്ചായത്തിന്റെയും കിടങ്ങൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിലാണ് 10 ദിവസം നീണ്ടു നിൽക്കുന്ന പരിശീലനം സംഘടിപ്പിക്കുന്നത്.
കിടങ്ങൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ബിന്ദു രമേശ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ്. ചെയർപേഴ്‌സൺ മോളി ദേവരാജൻ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആശ പി. നായർ മുഖ്യപ്രഭാഷണം നടത്തി. അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പ്രകാശ് ബി. നായർ പദ്ധതി വിശദീകരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംസ്ഥാന ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, കേരള നോളജ് ഇക്കോണമി മിഷൻ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കുടുംബശ്രീ അംഗങ്ങളായ സ്ത്രീകൾക്ക് പാലിയേറ്റീവ് കെയർ, ജീവിതശൈലീ രോഗ പരിചരണം തുടങ്ങിയ മേഖലകളിൽ പ്രായോഗിക പരിശീലനം നൽകി സേവന രംഗത്തേക്ക് കൊണ്ടുവരുക യാണ് സാന്ത്വനം മിത്രം പദ്ധതിയുടെ ലക്ഷ്യം.
അയൽക്കൂട്ട അംഗങ്ങൾക്കും ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങൾക്കും സി.ഡി.എസുകൾ വഴി പേര് രജിസ്റ്റർ ചെയ്ത് പരിശീലനത്തിൽ പങ്കെടുക്കാം. പരിശീലനം അതത് പഞ്ചായത്തുകളിലോ സമീപ പഞ്ചായത്തുകളിലോ സംഘടിപ്പിക്കും. ജില്ലാ പ്രോഗ്രാം മാനേജർ പ്രശാന്ത് ശിവൻ, ജില്ലാ പാലിയേറ്റീവ് കെയർ കോർഡിനേറ്റർ അനു അലക്സ്, ബ്ലോക്ക് കോ-ഓർഡിനേറ്റർ ജിഷ ജോസഫ്, അക്കൗണ്ടന്റ് പി.ആർ. മായ, മൈക്രോ എന്റർപ്രൈസസ് കൺസൾട്ടന്റ് കെ.രമ്യ, ഗ്രാമപഞ്ചായത്ത് മെമ്പർ സെക്രട്ടറി മിനിജ പി. തോമസ് എന്നിവർ പങ്കെടുത്തു.


