തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ ഓഡിറ്റ് റിപ്പോർട്ട് ഇന്നാണ് ദേവസ്വം ബോർഡിന്റെ വിശദമായ പഠനത്തിന് വിധേയമായതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ.നേരത്തെ ലഭിച്ചുവെങ്കിലും ഹൈക്കോടതി നല്‍കിയ സമയപരിധി പാലിക്കാനാണ് ഓഡിറ്റ് റിപ്പോർട്ട് മാത്രം സമർപ്പിച്ചത്. എന്നാല്‍ സത്യവാങ്‌മൂലം നല്‍കിയിരുന്നില്ല. ഫെബ്രുവരി 27നാണ് കോടതി ഇനി വിഷയം പരിഗണിക്കുന്നതെന്നും കെ ജയകുമാർ വ്യക്തമാക്കി.
‘കോടതിയില്‍ സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ട് അന്തിമമല്ല. അതില്‍ തിരുത്തലുകള്‍ വരുത്താനുണ്ട്. ഓഡിറ്ററുടെ ശ്രദ്ധയില്‍പ്പെടുന്ന പോരായ്‌മകള്‍ ബോർഡിനെ അറിയിക്കും. അതിന് ക്ളയിന്റ് മറുപടി കൊടുക്കും. ചില മറുപടികള്‍ ഓഡിറ്റർ പരിഗണിക്കും. അല്ലാത്തവ മേജർ ഒബ‌്‌ജക്ഷനായി കിടക്കും. എന്നാല്‍ ഇത്തരത്തിലൊരു പ്രക്രിയ നടന്നില്ല. അത് ഓഡിറ്ററുടെയല്ല, മറിച്ച് ഞങ്ങളുടെതന്നെ കുഴപ്പമാണ്. ഓഡിറ്ററുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയോ കൃത്യമായ ആശയവിനിമയം നടത്തുകയോ ചെയ്തില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബില്ലുകളും മറ്റും പരിശോധിക്കേണ്ടതായുണ്ട്, തുക പരിശോധിക്കേണ്ടതായുണ്ട്, സ്റ്റോക്ക് രജിസ്റ്ററിലേയ്ക്ക് സ്വത്തുവകകള്‍ എഴുതി വിശകലനം നടത്തേണ്ടതായുണ്ട്. എന്നാല്‍ ഇത്തരം നടപടികള്‍ നടക്കുകയോ നടന്നിട്ടുണ്ടെങ്കില്‍ ഓഡിറ്റർ അറിയുകയോ ചെയ്തിട്ടില്ല. സമയോചിതമായി മറുപടി നല്‍കാത്തതുമൂലം ഞങ്ങളുടെ ഭാഗത്തുനിന്ന് വീഴ്‌ചയുണ്ടായതാണ് റിപ്പോർട്ടിലെ പിശകുകള്‍ക്ക് കാരണം. തിരുത്തലുകള്‍ അടിയന്തരമായി നടത്തണമെന്ന് ബോർഡ് തീരുമാനിച്ചിട്ടുണ്ട്. പത്തുദിവസത്തിനുള്ളില്‍ തിരുത്തലുകള്‍ നടത്താൻ ദേവസ്വം കമ്മിഷണർ, അക്കൗണ്ട്‌സ് ഓഫീസർ, ചീഫ് എഞ്ചിനീയർ എന്നിവരടങ്ങുന്ന ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. റിപ്പോർട്ടില്‍ വിശദമായ പഠനം നടത്തും’- കെ ജയകുമാർ വ്യക്തമാക്കി.


