ബാർ കോഴക്കേസ് : രമേശ് ചെന്നിത്തലയുടെ അവിവേകം; കെ.എം മാണിയെ ബാർ കോഴക്കേസിൽ കുടുക്കിയത് രമേശ് ചെന്നിത്തലയെന്ന് ആരോപിച്ച് കേരള കോൺഗ്രസ് എം മുഖപത്രം പ്രതിച്ഛായ; വിവാദ പരാമർശനം പ്രതിച്ഛായയുടെ ഫെബ്രുവരി ലക്കത്തിൽ

കോട്ടയം: ബാർകോഴക്കേസിൽ കെ.എം മാണിയെ കുടുക്കിയത് അന്ന് ആഭ്യന്തര വിജിലൻസ് മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുടെ അവിവേകമെന്ന ആരോപണവുമായി കേരള കോൺഗ്രസ് എം മുഖപത്രമായ പ്രതിച്ഛായ. കേരള കോൺഗ്രസിനെ യുഡിഎഫിലേയ്ക്കു മടക്കി എത്തിക്കണമെന്ന ചർച്ചകൾ കോൺഗ്രസിൽ സജീവമായിരിക്കെയാണ് മുൻ ആഭ്യന്തരമന്ത്രികൂടിയായ രമേശ് ചെന്നിത്തലയെ പ്രതിക്കൂട്ടിൽ നിർത്തി പ്രതിച്ഛായ രംഗത്ത് എത്തിയിരിക്കുന്നത്. ചരിത്രം കുറിച്ച വികസന മുന്നേറ്റയാത്ര എന്ന മുഖചിത്രവുമായി രംഗത്തിറങ്ങിയ പ്രതിച്ഛായയിലാണ് വിവാദപരാമർശം ഉള്ളത്.

Advertisements

പ്രതിഛായ ഫെബ്രുവരി ലക്കത്തിലെ കേരള കോൺഗ്രസ് ചരിത്രവഴികൾ എന്ന ലേഖനത്തിൽ ഡോ.കുര്യാസ് കുമ്പളക്കുഴിയാണ് വിവാദ പരാമർശം ചേർത്തിരിക്കുന്നത്. 13 ആം നിയമസഭയും 21 ആം മന്ത്രിസഭയും എന്ന സബ് ഹെഡിംങിലെ ലേഖനത്തിൽ പറയുന്നതെല്ലാം വിവാദമായ കാര്യങ്ങൾ തന്നെയാണ്. 13 ആം നിയമസഭയിലെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ കാരുണ്യ പദ്ധതി നടപ്പാക്കിയത് വഴി ഏറ്റവും ജനകീയമായി കെ.എം മാണി മാറിയെന്നും, കെ.എം മാണിയുടെ ജനകീയത ഉപയോഗിച്ച് എൽ.ഡി.എഫ് യുഡിഎഫ് സർക്കാരിനെ അട്ടിമറിച്ച് മന്ത്രിസഭ ഉണ്ടാക്കാൻ ശ്രമിച്ചു എന്നുമാണ് ലേഖനം വ്യക്തമാക്കുന്നത്. കെ.എം മാണിയെ മുഖ്യമന്ത്രിയാക്കി കേരള കോൺഗ്രസ് എമ്മിന്റെ ഒൻപത് എം.എൽ.എമാരെയും കൂട്ടി മന്ത്രിസഭ ഉണ്ടാക്കാനായിരുന്നു ശ്രമം. എന്നാൽ, ഇത് കെ.എം മാണിയ്ക്ക് തന്നെ പാരയായി എന്നും ലേഖനം പറഞ്ഞു വയ്ക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരള കോൺഗ്രസിന്റെ ശക്തി കേന്ദ്രങ്ങളിൽ നിന്നുള്ള ചില കോൺഗ്രസ് നേതാക്കൾ കെ.എം മാണിയെ ക്ഷീണിപ്പിച്ചാൽ അത് വഴി കേരള കോൺഗ്രസിനെ തകർക്കാമെന്നും അത് വഴി കാലങ്ങളായി കേരള കോൺഗ്രസ് കൈവശം വച്ചിരുന്ന സീറ്റുകളിൽ തങ്ങൾക്ക് മത്സരിക്കാൻ അവസരം കിട്ടുമെന്നും അവർ കണക്ക് കൂട്ടി. 2012 ൽ കേരളത്തിലെ ബാറുകളുടെ നിലവാരത്തെപ്പറ്റി നടത്തിയ അന്വേഷണത്തിൽ വെളിച്ചത്തിൽ നിലവാരം പുലർത്താത്ത 418 ബാറുകലുടെ ലൈസൻസ് സർക്കാർ റദ്ദ് ചെയ്തിരുന്നു. ഇതിനു പിന്നാലെ 360 ബാറുകളുടെ ലൈസൻസ് പുതുക്കി നൽകേണ്ട സമയമായപ്പോൾ, ബാഹ്യ സമ്മർദങ്ങൾക്ക് വിധേയമായി ഉമ്മൻചാണ്ടി ഗവൺമെന്റ് അവയ്‌ക്കൊന്നിനും പ്രവർത്തനാനുമതി നൽകേണ്ടെന്ന് തീരുമാനിച്ചു. വിവേകരഹിതമായ ഈ നീക്കം സംസ്ഥാനത്തെ മദ്യവ്യവസായ രംഗത്ത് അസ്വസ്ഥത വിതച്ചു. ബാറുകൾക്ക് ലൈസൻസ് പുതുക്കി നൽകേണ്ടതില്ലെന്ന് തീരുമാനിച്ചത് ജനങ്ങളുടെ മദ്യപാനത്തിനു നിയന്ത്രണം ഉണ്ടാവട്ടെ എന്ന സദ്ദുദ്ദേശത്തോടെ ആയിരുന്നില്ല മറിച്ചു കോൺഗ്രസിലെ ഗ്രൂപ്പ് പോരിൽ ഒരു കൂട്ടരെ തോൽപ്പിക്കണമെന്ന ദുർവാശികൊണ്ടു മാത്രമായിരുന്നു എന്നും ലേഖനം പറയുന്നു. ഈ കളിയിൽ പക്ഷേ ബലിയായാടായത് കെ.എം മാണി എന്ന ഏറ്റവും സീനിയർ ലീഡർ ആയിരുന്നുവെന്നാണ് ലേഖനത്തിൽ വിലയിരുത്തുന്നത്.

ബാർ കോഴ വിവാദം എന്ന ലേഖനത്തിന്റെ ഭാഗത്തിലാണ് രമേശ് ചെന്നിത്തലയ്ക്ക് എതിരെ വിവാദമായ പരാമർശമുള്ളത്. 2014 ഒക്ടോബറിൽ മലയാള മനോരമ ചാനലിൽ നടത്തിയ ചർച്ചയിൽ ബിജു രമേശ് എന്ന ബാറുടമ ആണ് കെ.എം മാണിയ്ക്ക് എതിരെ കോഴ ആരോപണം ഉയർത്തിയത്. ബാബുവിന്റെയും, ശിവകുമാറിന്റെയും ഭാഗം അവഗണിച്ച് കെ.എം മാണിയെ മാത്രം ക്രൂശിക്കാനാണ് കുറേ നേതാക്കളും മാധ്യമങ്ങളും ശ്രമിച്ചതെന്ന് പ്രതിഛായ കുറ്റപ്പെടുത്തുന്നു. മുഖ്യമന്ത്രി ഉമ്മൻചാണ്ടി തന്നെ ആരോപണത്തിൽ കഴമ്പില്ലെന്നും കെ.എം മാണി തെറ്റുകാരനല്ലെന്നും വ്യക്തമാക്കി.

എന്നാൽ, ആരോപണം ഉയർന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കെ.എം മാണിയ്ക്ക് എതിരെ ക്വിക്ക് വേരിഫിക്കേഷൻ നടത്താൻ വിജിലൻസിന് ഉത്തരവ് നൽകി. തന്നേക്കാൾ എത്രയോ സീനിയറായ ഒരു നേതാവിനെതിരെയാണ് ക്വിക്ക് വേരിഫിക്കേഷൻ ഉത്തരവിട്ടതെന്ന് രമേശ് ചെന്നിത്തല ആലോചിച്ചില്ലെന്നത് തികഞ്ഞ അവിവേകമായി പോയതായി പ്രതിഛായ പറയുന്നു. അരനൂറ്റാണ്ടിലധികം കാലം നീണ്ടകെ.എം മാണിയുടെ രാഷ്ട്രീയ പ്രവർത്തന ചരിത്രം സുതാര്യവും സംശുദ്ധവുമാണ് എന്ന വസ്തുത പോലും വിസ്മരിച്ചാണ് അവരിൽ പലരും അദ്ദേഹത്തിനെതിരെ പടയൊരുക്കിയതെന്ന് പറഞ്ഞാണ് ലേഖനം അവസാനിക്കുന്നത്.

Hot Topics

Related Articles