കോട്ടയം : നീണ്ട 8 വർഷത്തിന് ശേഷം മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ വിശുദ്ധ മൂറോൻ കൂദാശയ്ക്കായി ഒരുങ്ങുന്നു. വലിയ നോമ്പിലെ നാൽപ്പതാം വെള്ളിയാഴ്ച്ച മാർച്ച് 27 ന് മലങ്കര സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പൽ ശുശ്രൂഷകൾക്ക് വേദിയാകും. സഭാ ചരിത്രത്തിലെ 11ാം മൂറോൻ കൂദാശയ്ക്ക് പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവാ മുഖ്യകാർമ്മികത്വം വഹിക്കും. സഭയുടെ മെത്രാപ്പോലീത്താമാർ സഹകാർമ്മികരാകും. ഇവർക്കൊപ്പം അർക്കദിയാക്കോൻ, 12 വൈദികർ, 12 പൂർണശെമ്മാശൻമാർ, 12 ഉപ ശെമ്മാശൻമാർ എന്നിവർ 7 മണിക്കൂറോളം നീണ്ട് നിൽക്കുന്ന വിശുദ്ധ കർമ്മങ്ങളുടെ ഭാഗമാകും.
സ്വയം ശീർഷക സഭകളുടെ തലവൻമാരായ പാത്രിയർക്കീസും, കാതോലിക്കായും മാത്രമാണ് ഓർത്തഡോക്സ് വിശ്വാസ പാരമ്പര്യ പ്രകാരം വി.മൂറോൻ കൂദാശ നടത്തുന്നത്. പൗരസ്ത്യ കാതോലിക്കായായി നിയോഗിതനായ ശേഷം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവാ പ്രധാന കാർമ്മികനാകുന്ന ആദ്യ മൂറോൻ കൂദശയാണിത്. മൂറോൻ എന്ന വാക്കിന്റെ അർത്ഥം സുഗന്ധതൈലം എന്നാണ്. മലങ്കരസഭയുടെ ലോകമെമ്പാടുമുള്ള ദേവാലയങ്ങളിൽ മാമോദിസാ, പള്ളികളുടെ കൂദാശ എന്നിവയ്ക്കായി ഈ വിശുദ്ധതൈലം ഉപയോഗിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മലങ്കരസഭാ ആസ്ഥാനത്ത് ചേർന്ന പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് വി.മൂറോൻ കൂദാശയുടെ ഒരുക്കങ്ങൾ വിലയിരുത്തി. വിശുദ്ധ മൂറോൻ കൂദാശയുടെ ക്രമീകരണങ്ങൾക്ക് കൊല്ലം ഭദ്രാസനാധിപൻ ഡോ.ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്താ അധ്യക്ഷനായ സമിതിയെ പരിശുദ്ധ കാതോലിക്കാ ബാവാ ചുമതലപ്പെടുത്തി. 2018 മാർച്ചിലാണ് മലങ്കരസഭയിൽ ഇതിന് മുൻപ് വിശുദ്ധ മൂറോൻ കൂദാശ നടന്നത്.


