ന്യുഡല്‍ഹി: സമൂഹ മാധ്യമമായ ഇൻസ്റ്റഗ്രാമില്‍ 100 ദശലക്ഷം ഫോളോവേഴ്സുള്ള ലോകത്തിലെ ആദ്യ നേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ ഇരട്ടിയിലധികം ഫോളോവേഴ്സാണ് മോദിക്ക് ഉള്ളത്. ഫേസ്ബുക്കിലും എക്സിലും യഥാക്രമം 54 ദശലക്ഷവും 106 ദശലക്ഷവുമാണ് മോദിയെ ഫോളോ ചെയ്യുന്നവരുടെ എണ്ണം. മോദിയുടെ യുട്യൂബ് ചാനല്‍ 29 ദശലക്ഷം പേർ സബ്സ്ക്രൈബ് ചെയ്തിട്ടുമുണ്ട്.
മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റഗ്രാമില്‍ 2014ലാണ് നരേന്ദ്ര മോദി അക്കൗണ്ട് ആരംഭിച്ചത്. നിലവില്‍ ലോകത്തെ മറ്റൊരു രാഷ്ട്രീയ നേതാവിനുമില്ലാത്തത്ര ഫോളോവേഴ്‌സ് മോദിക്ക് ഇൻസ്റ്റഗ്രാമില്‍ ഉണ്ട്. ഇതുവരെ 1,205 പോസ്റ്റുകളാണ് മോദി ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുള്ളത്. വിദേശ നേതാക്കളെ സന്ദർശിക്കുന്നതിൻ്റെയും പൊതുപരിപാടികളുടെയും ചിത്രങ്ങളും റീലുകളുമാണ് ഇൻസ്റ്റഗ്രാം പോസ്റ്റുകളിലേറെയും. അതേസമയം മോദി ഇൻസ്റ്റഗ്രാമില്‍ ആരെയും ഫോളോ ചെയ്യുന്നില്ലെന്നത് ശ്രദ്ധേയമാണ്. സമാനമാണ് ഫേസ്ബുക്കിലെ സ്ഥിതിയും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇൻസ്റ്റഗ്രാം ഫോളോവേഴ്സിൻ്റെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള ലോക നേതാവ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ്. 43.2 ദശലക്ഷം ഫോളോവേഴ്‌സ് ആണ് ട്രംപിന് ഉള്ളത്. ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ (15 ദശലക്ഷം), ബ്രസീല്‍ പ്രസിഡന്റ് ലുല ഡസില്‍വ (14.4 ദശലക്ഷം), തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗൻ (11.6 ദശലക്ഷം) എന്നിവരാണ് തൊട്ടുപിന്നില്‍ ഉള്ളത്. ഈ അഞ്ച് നേതാക്കളുടെയും ആകെ ഫോളോവേഴ്‌സിനേക്കാള്‍ കൂടുതലാണ് മോദിയുടെ ഫോളോവേഴ്സിൻ്റെ എണ്ണം.
യോഗിക്ക് രാഹുല്‍ ഗാന്ധിയേക്കാള്‍ ഫോളോവേഴ്സ്
ഇന്ത്യയിലെ മറ്റ് നേതാക്കളുമായി താരതമ്യം ചെയ്യുമ്പോഴും മോദി ഏറെ മുന്നിലാണ്. ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് 16.1 ദശലക്ഷവും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് 12.6 ദശലക്ഷവും ഫോളോവേഴ്‌സാണുള്ളത്. പ്രതിപക്ഷ നേതാക്കളായ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിക്ക് 4.9 ലക്ഷം ഫോളോവേഴ്സും തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് 1.9 ദശലക്ഷം ഫോളോവേഴ്സും സമാജ്‍വാദി പാർട്ടി നേതാവ് അധ്യക്ഷൻ അഖിലേഷ് യാദവിന് 1.8 ദശലക്ഷം ഫോളോവേഴ്സുമാണ് ഇൻസ്റ്റഗ്രാമിലുള്ളത്.
സോഷ്യല്‍ മീഡിയയിലെ നേട്ടത്തിന് പുറമെ, ആഗോളതലത്തിലെ അംഗീകാര റേറ്റിങ്ങിലും നരേന്ദ്ര മോദി ഒന്നാമതാണ്. സ്റ്റാറ്റിസ്റ്റയുടെ കണക്കനുസരിച്ച് 70 ശതമാനം റേറ്റിങ്ങോടെ ലോക നേതാക്കളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് മോദി.


