കല്ല്യാശ്ശേരി: കണ്ണൂര്‍ ജില്ലയില്‍ സിപിഎം പാർട്ടി വോട്ടുകളാല്‍ നാളിതുവരെ ഉറച്ച മണ്ഡലമാണ് കല്ല്യാശ്ശേരി. മണ്ഡല പുനർനിർണയത്തിന് ശേഷം എല്‍ഡിഎഫിനെ കൈവിടാത്ത ഇടം. യുഡിഎഫിന് ഇന്നേവരെ ഒരു എംഎല്‍എയെ പോലും വിജയിപ്പിക്കാനാവാത്ത നിയോജക മണ്ഡലമാണിത്. അടുപ്പിച്ച് രണ്ട് ടേം എംഎല്‍എയായി സിപിഎമ്മിന്റെ ടി.വി. രാജേഷ് കല്ല്യാശ്ശേരി മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിച്ചിട്ടുണ്ട്. ഇത്തവണ സിറ്റിംഗ് എംഎല്‍എ കൂടിയായ എം. വിജിൻ വീണ്ടും മത്സരിക്കുമ്പോള്‍ ഇടത് കോട്ട പൊളിക്കാൻ കോണ്‍ഗ്രസ് നേതാവ് അഡ്വ. രാജീവൻ കപ്പച്ചേരിയെയാണ് യുഡിഎഫ് കളത്തിലിറക്കിയിരിക്കുന്നത്. ഇക്കുറി യുഡിഎഫ് അധികാരം പിടിക്കുമെന്നും കല്യാശ്ശേരിയില്‍ നിന്നും കോണ്‍ഗ്രസ് പ്രതിനിധി നിയമസഭയില്‍ എന്നുമെന്നാണ് യുഡിഎഫ് നേതാക്കള്‍ പറയുന്നത്. എന്നാല്‍ ചരിത്രം അവർത്തിക്കുമെന്നും എം.വിജിൻ കല്ല്യശ്ശേരിയില് തുടരുമെന്നും സിപിഎം വ്യക്തമാക്കുന്നു. കഴിഞ്ഞ 10 വർഷം പിണറായി സർക്കാർ കല്ല്യാശ്ശേരി മണ്ഡലത്തില്‍ നടത്തിയ വികസനം ചർച്ചയാക്കിയാണ് ഇടതുപക്ഷം ഇത്തവണ വോട്ട് ചോദിക്കുന്നത്.
മാടായി മണ്ഡലം പിന്നീട് കല്ല്യാശ്ശേരിയിലേക്ക്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2008-ലെ മണ്ഡല പുനർനിർണ്ണയത്തോടെയാണ് കല്ല്യാശ്ശേരി നിയോജക മണ്ഡലം നിലവില്‍ വന്നത്. പഴയ മാടായി നിയമസഭാ മണ്ഡലത്തില്‍ മാറ്റം വരുത്തിയാണ് ഇന്നത്തെ കല്ല്യശ്ശേരി മണ്ഡലം രൂപീകരിച്ചത്. മാടായി നിയോജക മണ്ഡലത്തില്‍ നിന്ന് 1957-ലെ ആദ്യ തെരഞ്ഞെടുപ്പില്‍ കെ.പി.ആർ. ഗോപാലനാണ് വിജയിച്ചത്. വിമോചന സമരത്തില്‍ അടിപതറി ഇഎംഎസ് മന്ത്രിസഭ താഴെ വീണതോടെ, കേരള നിയമസഭയുടെ ചരിത്രത്തിലെ ആദ്യ ഉപതെരഞ്ഞെടുപ്പിലൂടെ 1960-ല്‍ കോണ്‍ഗ്രസ് സഖ്യസർക്കാർ അധികാരമേറ്റപ്പോള്‍ മാടായി മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസിന്റെ ഗോപാലൻ പുതിയപുരയില്‍ ആയിരുന്നു എംഎല്‍എ.
എതിർസ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും കെപിആറിന് അന്ന് തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നു. 1965-ല്‍ കെ.പി.ആർ മണ്ഡലം തിരിച്ചുപിടിച്ചു. 1967-ല്‍ സ്വതന്ത്രനായി മത്സരിച്ച എം. മാത്തൂരാൻ മണ്ഡലത്തെ പ്രതിനിധീകരിച്ച് നാലാം നിയമസഭയില്‍ എത്തി. പിന്നീട് 1970-ല്‍ രാഷ്ട്രീയ ചരിത്രത്തില്‍ ‘മാടായി മന്നൻ’ എന്ന് വിളിപ്പേരോടെ എം. വി രാഘവൻ ഇവിടെ മത്സരിച്ച് വിജയിച്ചു. പുനഃസംഘടനയെ തുടർന്ന് പിന്നീട് മാടായി നിയോജക മണ്ഡലം ഇല്ലാതായി. ഈ മണ്ഡലത്തിലുള്‍പ്പെട്ട ചില പഞ്ചായത്തുകള്‍ അഴീക്കോട്, പയ്യന്നൂർ നിയോജക മണ്ഡലങ്ങളുടെ ഭാഗമായിതീർന്നു. അതേസമയം ചെറുകുന്ന്, കല്യാശേരി, കണ്ണപുരം, മാട്ടൂല്‍, ചെറുതാഴം, ഏഴോം, കടന്നപ്പള്ളി-പാണപ്പുഴ, പയ്യന്നൂർ, കുഞ്ഞിമംഗലം, മാടായി, പട്ടുവം എന്നിങ്ങനെ 11 ഗ്രാമപഞ്ചായത്തുകള്‍ കൂട്ടിച്ചേര്‍ന്ന് കല്ല്യാശ്ശേരി നിയോജക മണ്ഡലം രൂപീകരിക്കുകയായിരുന്നു.
2021-ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. വിജിൻ 88,252 വോട്ടുകള്‍ നേടി കല്ല്യാശ്ശേരിയില്‍ നിന്ന് വിജയിച്ചു. 44,393 ആയിരുന്നു വിജിന്റെ ഭൂരിപക്ഷം. മുഖ്യ എതിരാളിയായിരുന്ന യുഡിഎഫ് സ്ഥാനാർഥി അഡ്വ. ബ്രിജേഷ് കുമാർ 43,859 വോട്ടുകള്‍ നേടി. എന്‍ഡിഎ സ്ഥാനാര്‍ഥി അരുണ്‍ കൈതപ്രത്തിന് 11,365 വോട്ടുകളാണ് ലഭിച്ചത്.

