ദമാം : യു എസ് പടക്കപ്പല്‍ ഏബ്രഹാം ലിങ്കണ്‍ ആക്രമിച്ചെന്ന അവകാശവാദവുമായി ഇറാന്റെ റെവല്യൂഷണറി ഗാർഡ് ( ഐ ആർ ജി സി ). തങ്ങളുടെ മിസൈല്‍ – ഡ്രോണ്‍ ആക്രമണത്തില്‍ കപ്പലിന് കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചെന്നും ആക്രമണം ഭയന്ന് കപ്പല്‍ മേഖലയില്‍ നിന്ന് എബ്രഹാം ലിങ്കണ്‍ പിൻവാങ്ങിയെന്നും ഐ ആർ ജി സി അവകാശപ്പെട്ടു. ഇറാൻ ആക്രമണം ഭയന്ന് എബ്രഹാം ലിങ്കണ്‍ ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് മാറിയെന്നാണ് ഐ ആർ ജി സി പറയുന്നത്.
എന്നാല്‍ ഐ ആർ ജി സിയുടെ അവകാശവാദങ്ങള്‍ അമേരിക്കൻ പ്രതിരോധ കേന്ദ്രമായ പെന്റഗണ്‍ തള്ളി. പടക്കപ്പല്‍ സുരക്ഷിതമാണെന്നും നിശ്ചയിച്ച ദൗത്യങ്ങളുമായി മുന്നോട്ട് പോവുകയാണെന്നും യു എസ് സെൻട്രല്‍ കമാൻഡ് അറിയിച്ചു. അതിനിടെ യുദ്ധം അവസാനിപ്പിക്കാനായുള്ള നിർദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചന്ന റിപ്പോർട്ടുകളോടും ഇറാൻ ഔദ്യോഗികമായി പ്രതികരിച്ചു. യുദ്ധം അവസാനിപ്പിക്കാനായി അഞ്ചിന നിർദേശങ്ങളോ വെടിനിർത്തല്‍ പദ്ധതിയോ മുന്നോട്ട് വെച്ചിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാൻ നിലവില്‍ അമേരിക്കയുമായി യാതൊരു ചർച്ചയും നടക്കുന്നില്ലെന്നും അബ്ബാസ് അരാഗ്ചി വിവരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇറാൻ യുദ്ധത്തില്‍ നിന്ന് അമേരിക്ക ഉടൻ പിൻവാങ്ങുമെന്ന് ട്രംപ്
അതിനിടെ ഇറാൻ യുദ്ധത്തില്‍ നിന്ന് അമേരിക്ക ഉടൻ പിൻവാങ്ങുമെന്ന സുപ്രധാന പ്രഖ്യാപനവുമായി യു എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. നാളെ നടത്താനിരിക്കുന്ന നിർണായക വാർത്താ സമ്മേളനത്തിന് മുന്നേയാണ് ട്രംപ് ഇക്കാര്യം റോയിറ്റേഴ്സിനോട് വെളിപ്പെടുത്തിയത്. യുദ്ധം ആവശ്യമെങ്കില്‍ തിരിച്ചുവരുമെന്നും ട്രംപ് വ്യക്തമാക്കി. നാറ്റോ സഖ്യത്തില്‍ നിന്ന് അമേരിക്ക പുറത്തുപോകുമെന്നും ട്രംപ് പറഞ്ഞു. ഹോർമുസിൻ്റെ നിയന്ത്രണം ഏറ്റെടുക്കാൻ നാറ്റോ ഇടപെടണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നാറ്റോ സൈന്യത്തെ അയച്ചിരുന്നില്ല.
നാളെ രാവിലെ ആറരയ്ക്ക് മാധ്യമങ്ങളെ കാണുന്നതിന് മുൻപാണ് ട്രംപ് റോയിറ്റേഴ്സിന് അഭിമുഖം നല്‍കിയത്. ഇറാൻ സർക്കാർ വെടിനിർത്തല്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും യു എസ് പ്രസിഡന്റ് അവകാശപ്പെട്ടു. നാറ്റോ വെറും കടലാസ് പുലിയാണെന്നും സഖ്യത്തില്‍ നിന്നും അമേരിക്ക പുറത്ത് പോകുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും യു എസ് പ്രസിഡന്‍റ് നേരത്തെയും സൂചന നല്‍കിയിരുന്നു. ഇറാനെതിരെ അമേരിക്കയും ഇസ്രയേലും നടത്തിയ സൈനിക നടപടിക്ക് സഖ്യകക്ഷികളുടെ പിന്തുണ ലഭിക്കാഞ്ഞതോടെയാണ് ഈ കാര്യം ആലോചിക്കുന്നതെന്നാണ് ട്രംപിന്‍റെ പക്ഷം. ടെലിഗ്രാഫിന് നല്‍കിയ അഭിമുഖത്തിലാണ് നാറ്റോയില്‍ നിന്ന് അമേരിക്ക പിൻവാങ്ങുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുന്നുവെന്ന കാര്യം ട്രംപ് ആദ്യമായി വെളിപ്പെടുത്തിയത്.

