വാഷിംഗ്ടണ്‍: ഇറാൻ യുദ്ധത്തില്‍ അമേരിക്കൻ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ‘ചൊവ്വാഴ്ച ഭീഷണി’ പിന്നാലെ കൂടുതല്‍ കടുത്ത നിലപാടുമായി വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് രംഗത്ത്. അമേരിക്കയുടെ പക്കല്‍ ഇതുവരെ പ്രയോഗിച്ചിട്ടില്ലാത്ത തന്ത്രപ്രധാനമായ ആയുധങ്ങളുണ്ടെന്നും ഇറാൻ നിലപാട് മാറ്റിയില്ലെങ്കില്‍ അവ ഉപയോഗിക്കാൻ പ്രസിഡന്റ് ട്രംപ് തീരുമാനിക്കുമെന്നും വാൻസ് വ്യക്തമാക്കി. ഇറാൻ തങ്ങളുടെ രീതി തിരുത്താൻ തയ്യാറാകാത്ത പക്ഷം ഈ ആയുധങ്ങള്‍ പ്രയോഗിക്കാൻ ട്രംപിന് മടിയുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസിഡന്റ് ട്രംപ് നിശ്ചയിച്ചിട്ടുള്ള സമയപരിധിയായ ഇന്ന് രാത്രി എട്ടു മണിക്കുള്ളില്‍ തന്നെ ഇറാന്റെ മറുപടി ലഭിക്കണമെന്നും ജെ ഡി വാൻസ് മുന്നറിയിപ്പ് നല്‍കി. മറുപടി കിട്ടിയില്ലെങ്കില്‍ അമേരിക്ക ഇതുവരെ പ്രയോഗിച്ചിട്ടില്ലാത്ത ആയുധങ്ങള്‍ ഉപയോഗിച്ചാല്‍ ആർക്കും കുറ്റപ്പെടുത്താനാകില്ലെന്നും വൈസ് പ്രസിഡന്‍റ് കൂട്ടിച്ചേർത്തു. നിർണ്ണായകമായ ഹോർമൂസ് കടലിടുക്ക് തുറക്കുന്നത് ഉള്‍പ്പെടെയുള്ള സമാധാന കരാറിലെ വ്യവസ്ഥകള്‍ അംഗീകരിക്കാൻ ഇറാൻ തയ്യാറാകണമെന്നാണ് അമേരിക്കയുടെ ആവശ്യം. ഈ സമയപരിധിക്കുള്ളില്‍ അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന സൂചനയാണ് വൈസ് പ്രസിഡന്റിന്റെ വാക്കുകള്‍ നല്‍കുന്നത്.
ഇറാനെ പൂർണമായി നശിപ്പിക്കും, ട്രംപിന്‍റെ ചൊവ്വാഴ്ച ഭീഷണി
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നേരത്തെ, ഇറാന് നല്‍കിയ അന്ത്യശാസനം പാലിച്ചില്ലെങ്കില്‍ ഒരു വലിയ നാഗരികത തന്നെ ഇന്ന് രാത്രി ഇല്ലാതാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഹോർമൂസ് കടലിടുക്ക് തുറക്കുന്ന കാര്യത്തില്‍ ഇനി വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ലോകത്തെ ഒരു മഹാദുരന്തത്തിന്‍റെ വക്കിലെത്തിക്കുന്നതാണ് അമേരിക്കൻ പ്രസിഡന്‍റിന്‍റെ ഭീഷണി. താൻ നല്‍കിയ ചൊവ്വാഴ്ചത്തെ സമയപരിധിക്കുള്ളില്‍ ഇറാൻ സമാധാന കരാറില്‍ ഒപ്പിട്ടില്ലെങ്കില്‍, ഇന്ന് രാത്രിയോടെ ഒരു നാഗരികത തന്നെ എന്നെന്നേക്കുമായി ഇല്ലാതാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച കുറിപ്പിലാണ് ലോകചരിത്രത്തിലെ തന്നെ ഏറ്റവും ഭീതിതമായ ഈ വാക്കുകള്‍ അദ്ദേഹം കുറിച്ചത്. “ഒരു നാഗരികത മുഴുവൻ ഇന്ന് രാത്രി മരിക്കും, അത് ഒരിക്കലും തിരികെ കൊണ്ടുവരാൻ കഴിയില്ല. അങ്ങനെ സംഭവിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ അത് മിക്കവാറും സംഭവിക്കും” ട്രംപ് കുറിച്ചു. ലോകത്തിന്‍റെ നീണ്ടതും സങ്കീർണ്ണവുമായ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിലൊന്നായിരിക്കും ഇന്ന് രാത്രിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹോർമുസ് കടലിടുക്ക് തുറന്നു കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ ഇറാൻ തയ്യാറാകാത്തതാണ് ട്രംപിനെ ഈ കടുത്ത തീരുമാനത്തിലേക്ക് നയിച്ചിരിക്കുന്നത്. അമേരിക്കൻ ഭരണകൂടം ഒന്നിനുപുറകെ ഒന്നായി നല്‍കുന്ന ഈ കടുത്ത മുന്നറിയിപ്പുകള്‍ പശ്ചിമേഷ്യയെ വലിയൊരു യുദ്ധത്തിന്റെ വക്കിലെത്തിച്ചിരിക്കുകയാണ്.

