അഹമ്മദാബാദ്: 2026 ഐപിഎല്ലില്‍ അച്ചടക്ക നടപടി നേരിട്ട് ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്മൻ ഗില്‍. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെയുള്ള മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിനാണ് ഐപിഎല്‍ ഗവേണിങ്ങ് കൗണ്‍സില്‍ ഗുജറാത്ത് ക്യാപ്റ്റന്‍ പിഴ ചുമത്തിയത്. ഗില്‍ 12 ലക്ഷം രൂപയാണ് പിഴയായി അടക്കേണ്ടത്. മത്സരത്തില്‍ ഒരു റണ്‍സിനാണ് ഡല്‍ഹിയെ ഗുജറാത്ത് വീഴ്ത്തിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ഇന്നിംഗ്സ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സാണ് നേടിയത്.
ഡല്‍ഹി ജയം ഉറപ്പിച്ചെന്ന ഘട്ടത്തില്‍ നിന്നുമാണ് ഗുജറാത്ത് അത്ഭുതകരമായി വിജയം പിടിച്ചെടുത്തത്. രണ്ട് പന്തില്‍ രണ്ട് റണ്‍സ് ജയിക്കാൻ വേണ്ടി വന്ന സമയത്ത് മിന്നും ഫോമില്‍ കളിച്ച ഡേവിഡ് മില്ലർ പരാജയപ്പെടുകയായിരുന്നു. അഞ്ചാം പന്തില്‍ കുല്‍ദീപ് യാദവിന് സ്ട്രൈക്ക് കൈമാറാതെ മില്ലർ ക്രീസില്‍ തുടരുകയായിരുന്നു. എന്നാല്‍ അവസാന പന്തില്‍ റണ്‍സ് കണ്ടെത്താൻ സാധിച്ചില്ല. വിക്കറ്റ് കീപ്പർ ജോസ് ബട്ലർ ഒരു തകർപ്പൻ റണ്‍ ഔട്ടിലൂടെ കുല്‍ദീപ് യാദവിനെ പുറത്താക്കി ഗുജറാത്തിന് ആവേശകരമായ വിജയം ഉറപ്പാക്കി. ഡല്‍ഹിയുടെ ബാറ്റിങ്ങില്‍ കെഎല്‍ രാഹുല്‍ 92 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. മില്ലറും പാത്തും നിസങ്കയും 41 റണ്‍സ് വീതവും സ്വന്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിന് വേണ്ടി ഗില്‍, ബട്ലർ, വാഷിംഗ്ടണ്‍ സുന്ദർ എന്നിവർ അർദ്ധ സെഞ്ച്വറി നേടി മികച്ചു നിന്നു. 45 പന്തില്‍ നാല് ഫോറുകളും അഞ്ചു സിക്സുകളും അടക്കം 70 റണ്‍സാണ് ഗുജറാത്ത് ക്യാപ്റ്റൻ നേടിയത്. വാഷിംഗ്ടണ്‍ സുന്ദർ 32 പന്തില്‍ 55 റണ്‍സും നേടി. 27 പന്തില്‍ 52 റണ്‍സാണ് ബട്ലറിന്റെ ബാറ്റില്‍ നിന്നും പിറന്നത്. മൂന്ന് ഫോറുകളും അഞ്ചു കൂറ്റൻ സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിംഗ്സ്. ഗുജറാത്തിന്റെ ബൗളിങ്ങില്‍ റാഷിദ് ഖാൻ മൂന്ന് വിക്കറ്റും പ്രസിദ് കൃഷ്ണ രണ്ട് വിക്കറ്റും നേടി.
ഏപ്രില്‍ 11ന് ചെന്നൈ സൂപ്പർ കിങ്സിനെതിരെയാണ് ഡല്‍ഹിയുടെ അടുത്ത മത്സരം. ഏപ്രില്‍ 12ന് നടക്കുന്ന മത്സരത്തില്‍ ലഖ്നൗ സൂപ്പർ ജയന്റ്സ് ആണ് ഗുജറാത്തിന്റെ എതിരാളികള്‍.

