ലക്ഷ്യം 2027 ഏകദിന ലോകകപ്പ് : അജിത് അഗാർക്കറുടെ കാലാവധി നീട്ടാൻ ബിസിസിഐ

മുംബൈ: 2027 ഏകദിന ലോകകപ്പ് ലക്ഷ്യമിട്ട് ഇന്ത്യൻ ക്രിക്കറ്റ് ടീം ചീഫ് സെലക്ടർ അജിത് അഗാർക്കറുടെ കാലാവധി നീട്ടാൻ ബിസിസിഐ തീരുമാനിച്ചതായി റിപ്പോർട്ട്.2026 ജൂണില്‍ അവസാനിക്കേണ്ട അഗാർക്കറുടെ കരാർ 2027 ജൂണ്‍ വരെ നീട്ടാനാണ് ബിസിസിഐ ഒരുങ്ങുന്നതെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച്‌ ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. അഗാർക്കറുടെ കീഴില്‍ ഇന്ത്യൻ ക്രിക്കറ്റ് കൈവരിച്ച നേട്ടങ്ങളാണ് ഈ തീരുമാനത്തിന് പിന്നില്‍. അഗാര്‍ക്കര്‍ ചീഫ് സെലക്ടറായിരുന്ന കാലയളവിലാണ് ഇന്ത്യ രണ്ട് ടി20 ലോകകപ്പ് കിരീടങ്ങളും ചാമ്പ്യൻസ് ട്രോഫി കിരീടവും നേടിയത്. 2023 ഏകദിന ലോകകപ്പിന്‍റെ ഫൈനലില്‍ ഇന്ത്യ എത്തിയതും അഗാര്‍ക്കറുടെ കാലയളവിലായിരുന്നു.

Advertisements

ടീമിലെ മാറ്റങ്ങള്‍ സുഗമമായി നടപ്പിലാക്കാനും നിർണ്ണായക തീരുമാനങ്ങള്‍ എടുക്കാനും അഗാർക്കർ കാണിച്ച മികവില്‍ ബോർഡ് മതിപ്പ് രേഖപ്പെടുത്തി. അതേസമയം, തുടർച്ചയായി രണ്ടാം തവണയും ഇന്ത്യയെ ടി20 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചെങ്കിലും, സൂര്യകുമാർ യാദവിന്‍റെ ബാറ്റിംഗ് ഫോം വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. 2028-ലെ ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്സും ടി20 ലോകകപ്പും മുന്നില്‍ നില്‍ക്കെ, സൂര്യയുടെ സ്ഥാനം സുരക്ഷിതമല്ലെന്നാണ് റിപ്പോർട്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ അമേരിക്കക്കെതിരെയുള്ള 84 റണ്‍സ് ഒഴിച്ചാല്‍ വലിയ ടീമുകള്‍ക്കെതിരെ സൂര്യ പരാജയപ്പെട്ടു. ദക്ഷിണാഫ്രിക്ക (18), വെസ്റ്റ് ഇൻഡീസ് (18), ഇംഗ്ലണ്ട് (11), ന്യൂസിലൻഡ് (0) എന്നിങ്ങനെയായിരുന്നു നോക്കൗട്ട് ഘട്ടങ്ങളിലെ സ്കോറുകള്‍. ഹെഡ് കോച്ച്‌ ഗൗതം ഗംഭീർ ഇപ്പോഴും സൂര്യകുമാറിനെ പിന്തുണയ്ക്കുന്നുണ്ട്. തന്‍റെ കരാർ 2028 വരെ നീട്ടാൻ ആഗ്രഹിക്കുന്ന ഗംഭീർ, സൂര്യ തന്നെ ടീമിനെ നയിക്കണമെന്ന പക്ഷക്കാരനാണ്. എന്നാല്‍, വരാനിരിക്കുന്ന ഇംഗ്ലണ്ട്, അയർലൻഡ് പര്യടനങ്ങള്‍ സൂര്യകുമാറിന് നിർണ്ണായകമാകും. ബാറ്റിംഗില്‍ ഫോം വീണ്ടെടുത്തില്ലെങ്കില്‍ 38-ാം വയസ്സില്‍ ഒളിമ്പിക്സ് ടീമില്‍ സൂര്യ ഉണ്ടാകുമോ എന്നത് സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനത്തെ ആശ്രയിച്ചിരിക്കും.

നിലവില്‍ സൂര്യ തന്നെയാണ് ടീമിന്‍റെ നായകന്‍. എന്നാല്‍ പ്രകടനത്തിലെ സ്ഥിരത ഉറപ്പാക്കേണ്ടതുണ്ട്. ഇനി മുതല്‍ സെലക്ഷൻ പൂർണ്ണമായും പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കുമെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ടോപ്പ് ഓർഡറില്‍ വൈഭവ് സൂര്യവംശിയെപ്പോലുള്ള യുവതാരങ്ങള്‍ അവസരം കാത്തുനില്‍ക്കുമ്പോള്‍, സൂര്യകുമാറിന് ഇംഗ്ലണ്ട് പര്യടനം അഗ്നിപരീക്ഷയാകും.

Hot Topics

Related Articles