കോട്ടയം : റോഡിൽ കളഞ്ഞു കിട്ടിയ പണം അടങ്ങിയ പേഴ്സ് ഉടമയെ കണ്ടെത്തി തിരികെ നൽകി മാതൃകയായി നാല് കുട്ടികൾ.കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം.നാട്ടകം ചെട്ടിക്കുന്ന് സ്വദേശി കെ ജി ജോയുടെ മക്കളായ നെവിൻ ജോ അഗസ്റ്റിൻ,ഏബന് ജോ അഗസ്റ്റിൻ,അവധിക്ക് ഇവരുടെ വീട്ടിലേക്ക് എത്തിയ സഹോദരിയുടെ മക്കളായ ആരാധിയ മിജേഷ്,കാശി സുരേഷ് എന്നിവർക്കാണ് ഏകദേശം 8500 റോളം രൂപയടങ്ങിയ അടങ്ങിയ പേഴ്സ് റോഡ് സൈഡിൽ കിടന്ന് കിട്ടിയത്.
ഇന്നലെ വൈകുന്നേരം സാധനം വാങ്ങാൻ ഇവർ നാല് പേരും കടയിലേക്ക് പോകും വഴിയാണ് റോഡ് സൈഡിൽ കിടന്ന് പണമടങ്ങിയ പേഴ്സ് കിട്ടുന്നത്. ഉടൻതന്നെ ഇവരിത് വീട്ടുകാരെ ഏൽപ്പിക്കുകയും ചെയ്തു. തുടർന്ന് വീട്ടുകാരുടെ നേതൃത്വത്തിൽ പേഴ്സ് പരിശോധിച്ചെങ്കിലും പേഴ്സിന്റെ ഉടമയെ തിരിച്ചറിയാൻ സാധിക്കുന്ന രേഖകൾ ഒന്നും ഉണ്ടായിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ വീട്ടുകാരുടെ നേതൃത്വത്തിൽ കുട്ടികളുമായി ചിങ്ങവനം പോലീസ് സ്റ്റേഷനിൽ എത്തുകയും വിവരങ്ങൾ ധരിപ്പിക്കുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് നടത്തിയ പരിശോധനയിലാണ് കഴിഞ്ഞദിവസം പണം അടങ്ങിയ പേഴ്സ് നഷ്ടപ്പെട്ട പരാതി പോലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്. ഉടൻതന്നെ ഇവരെ പോലീസിന്റെ നേതൃത്വത്തിൽ ബന്ധപ്പെടുകയും ചെയ്തു. കോട്ടയം പാക്കിൽ സ്വദേശിയായ ഷികിൽ ഷിജുവിന്റെ പേഴ്സ് ആണ് നഷ്ടമായത്. തുടർന്ന് ഇവർ പോലീസ് സ്റ്റേഷനിൽ എത്തുകയും പോലീസ് ഉദ്യോഗസ്ഥരുടെ മധ്യസ്ഥതയിൽ വിദ്യാർത്ഥികൾ പണമടങ്ങിയ പേഴ്സ് കൈമാറുകയും ചെയ്തു.

