കോട്ടയം: ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധവുമായി വിവിധ ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലിൽ പ്രതികരിച്ച് വിവിധ സംഘടനകൾ. വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ലയിൽ കടകൾ തുറന്ന് പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ചു. കടകൾ തുറന്ന് പ്രവർത്തിക്കുമെന്നും , എന്നാൽ ഏതെങ്കിലും സംഘർഷ സാഹചര്യമുണ്ടായാൽ കടകൾ അടയ്ക്കാൻ വ്യാപാരികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി എ.കെ.എൻ പണിക്കർ അറിയിച്ചു.
ഹോട്ടലുകൾ തുറന്ന് പ്രവർത്തിക്കണമെന്നാണ് നിർദേശമെന്നും, ഏതു സംഘടന നടത്തിയാലും ഹർത്താലിന് തങ്ങൾ എതിരാണെന്നും ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ അറിയിച്ചു. ഹോട്ടലുകൾ പ്രവർത്തിക്കാനും സംഘർഷ സാധ്യത വിലയിരുത്തി പ്രവർത്തനം നടത്താനും അംഗങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ ട്രഷറർ മനോജ് കുമാർ അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം ജില്ലയിൽ കെ.എസ്.ആർ.ടി.സി ബസുകൾ പതിവ് പോലെ സർവീസ് നടത്തുമെന്ന് ജില്ലാ ട്രാൻസ്‌പോർട്ട് ഓഫിസർ അറിയിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് കെ.എസ്.ആർ.ടി.സി ബസുകൾക്ക് സുരക്ഷ ഉറപ്പാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ, കോട്ടയം ജില്ലയിൽ സ്വകാര്യ ബസുകൾ സർവീസ് നടത്തില്ലെന്ന് പ്രൈവറ്റ് ബസ് ഓണേഴ്‌സ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് ജോയി ചെട്ടിശേരി അറിയിച്ചു.
ഹർത്താൽ പ്രഖ്യാപനത്തിന്റെ സാഹചര്യത്തിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങൾ തന്നെ ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദ് അറിയിച്ചു. സാധാരണക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും സുരക്ഷാ നിർദേശം നൽകിയിട്ടുണ്ട്. പ്രധാന കേന്ദ്രങ്ങളിൽ എല്ലാം സുരക്ഷാ പിക്കറ്റിംങ് ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

