കോഹിനൂർ വജ്രം തിരികെ നല്‍കണം : ചാള്‍സ് രാജാവിനോട് ആവശ്യപ്പെടാൻ മേയർ സൊഹ്‌റാൻ മംദാനി

ന്യൂയോർക്ക്: ബ്രിട്ടീഷ് കൊളോണിയല്‍ ഭരണകാലത്ത് ഇന്ത്യയില്‍ നിന്ന് കൊണ്ടുപോയ പ്രശസ്തമായ കോഹിനൂർ വജ്രം തിരികെ നല്‍കാൻ ബ്രിട്ടനിലെ ചാള്‍സ് രാജാവിനോട് ആവശ്യപ്പെടുമെന്ന് ഇന്ത്യൻ വംശജനായ ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനി. സെപ്റ്റംബർ 11ന് 9/11 സ്മാരക സന്ദർശനത്തിനായി ന്യൂയോർക്കിലെത്തിയ രാജാവുമായുള്ള കൂടിക്കാഴ്ചക്ക് മുന്നോടിയായാണ് മേയറുടെ നിർണ്ണായക പ്രതികരണം.

Advertisements

ബുധനാഴ്ച നടന്ന വാർത്താ സമ്മേളനത്തിലാണ് കൊളോണിയല്‍ അധിനിവേശത്തിന്റെ അടയാളമായി അവശേഷിക്കുന്ന കോഹിനൂർ വജ്രത്തെക്കുറിച്ചുള്ള തന്റെ നിലപാട് മംദാനി വ്യക്തമാക്കിയത്. രാജാവുമായി വ്യക്തിപരമായി സംസാരിക്കാൻ അവസരം ലഭിച്ചാല്‍ കോഹിനൂർ വജ്രം ഇന്ത്യക്ക് തിരികെ നല്‍കാൻ ഞാൻ അദ്ദേഹത്തോട് ആവശ്യപ്പെടുമെന്നാണ് മംദാനി പറഞ്ഞത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സെപ്റ്റംബർ 11 ആക്രമണത്തിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച്‌ വേള്‍ഡ് ട്രേഡ് സെന്റർ സന്ദർശിക്കാനാണ് ചാള്‍സ് രാജാവും കാമില രാജ്ഞിയും ന്യൂയോർക്കിലെത്തിയത്. സ്‌മാരകം സന്ദർശിച്ചതിനു പിന്നാലെ ചാള്‍സ് രാജാവുമായി മംദാനി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ശേഷം ഭീകരാക്രമണത്തിന്‍റെ ഇരകള്‍ക്ക് ആദരാഞ്ജലികള്‍ അർപ്പിച്ച ചാള്‍സ് രാജാവും കാമില രാജ്ഞിയും അപ്പർ മാൻഹട്ടനിലെ കുട്ടികളെയും കുടുംബങ്ങളെയും പിന്തുണയ്ക്കുന്ന അർബൻ ഫാമുകളുടെ ഒരു ശൃംഖലയായ ഹാർലെം ഗ്രൗണും സന്ദർശിച്ചു.

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ആന്ധ്രാപ്രദേശിലെ ഗോള്‍ക്കൊണ്ട ഖനിയില്‍ നിന്നും ഖനനം ചെയ്തെടുത്തതെന്ന് വിശ്വസിക്കപ്പെടുന്ന, ലോകത്തിലെ ഏറ്റവും പ്രശസ്തവും അമൂല്യവുമായ വജ്രമാണ് കോഹിനൂർ. പ്രകാശപര്‍വതം എന്നാണ് കോഹിനൂര്‍ എന്ന വാക്കിന്‍റെ അര്‍ഥം. പതിമൂന്നാം നൂറ്റാണ്ടില്‍ ഇന്നത്തെ ആന്ധ്രാ തെലങ്കാന ഭാഗങ്ങള്‍ ഭരിച്ചിരുന്ന കാകതീയ രാജവംശത്തിന്റെ കൈവശമായിരുന്നു ഈ വജ്രം. വജ്രം ആരുടെ പക്കലാണോ ഉള്ളത് അയാള്‍ക്ക് വലിയ സമ്പദ് സമൃതി ലഭിക്കുമെന്നാണ് ഐതിഹ്യം. ഇത് ഒരു രാജ്യഭരണാധികാരിയുടെ പക്കലാണെങ്കില്‍ ആ രാജ്യവും സംപുഷ്ഠി കൈവരിക്കുമെന്നും വിശ്വസിച്ചുവരുന്നു.കാകതീയ രാജ്യവംശത്തില്‍ നിന്ന് ഡല്‍ഹി സുല്‍ത്താൻമാർ ഈ വജ്രം കൈക്കലാക്കി.

പിന്നീട് മുഗളന്മാർ, പേർഷ്യൻ ഭരണാധികാരികള്‍, അഫ്ഗാൻ ഭരണാധികാരികള്‍, പഞ്ചാബിലെ സിഖ് ഭരണാധികാരികള്‍ എന്നിവരിലൂടെ നൂറ്റാണ്ടുകളോളം വജ്രം കൈമറിഞ്ഞു. നിരവധി യുദ്ധങ്ങളും മരണവും കോഹിനൂര്‍ രത്നത്തിന്‍റെ പേരില്‍ നടന്നിട്ടുണ്ട്. ഒടുവില്‍ വജ്രം 1849-ല്‍ പഞ്ചാബ് പിടിച്ചടക്കിയ ബ്രിട്ടീഷുകാരുടെ കൈവശമെത്തി. 1852-ല്‍ ലണ്ടനില്‍ വച്ച്‌ വീണ്ടും മുറിച്ചു മിനുക്കിയ ഈ വജ്രത്തിന് ഇപ്പോള്‍ 105.6 കാരറ്റ് ഭാരമുണ്ട്. നിലവില്‍, ഇത് ബ്രിട്ടീഷ് രാജകുടുംബത്തിന്റെ കിരീടത്തിലെ പ്രധാന ആകർഷണമായി ലണ്ടൻ ടവറില്‍ പ്രദർശിപ്പിച്ചിരിക്കുകയാണ്.

Hot Topics

Related Articles