കോട്ടയം: പാചക വാതക പ്രതിസന്ധി അതിരൂക്ഷമാകുകയും, വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തിന് 50 ശതമാനത്തിലധികം വില വർദ്ധിക്കുകയും ചെയ്ത സാഹചര്യത്തിൽ കിച്ചണുകൾ അടച്ചിടേണ്ട സാഹചര്യമാണുള്ളതെന്ന് ഓൾ കേരളാ കാറ്ററേഴ്‌സ് അസോസിയേഷൻ എ.കെ.സി.എ സംസ്ഥാന കമ്മിറ്റി ആരോപിച്ചു. അനിയന്ത്രിതമായി വില കുതിയ്ക്കുന്ന സാഹചര്യത്തിൽ മെയ് എട്ടിന് രാവിലെ പത്തിന് എല്ലാ ജില്ലാ അസ്ഥാനങ്ങളിലും കേന്ദ്ര സർക്കാർ ഓഫിസുകൾക്കു മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്നും ഓൾ കേരളാ കാറ്ററേഴ്‌സ് അസോസിയേഷൻ എ.കെ.സി.എ സംസ്ഥാന പ്രസിഡന്റ് എലിയാസ് സക്കറിയ , സംസ്ഥാന ജനറൽ സെക്രട്ടറി റോബിൻ കെ പോൾ , സംസ്ഥാന ട്രഷറർ എം ജെ താഹ എന്നിവർ അറിയിച്ചു.
ഇറാൻ യുദ്ധത്തിന്റെ പേരിൽ ഗ്യാസ് വില യാതൊരു നിയന്ത്രണവുമില്ലാതെ കുതിയ്ക്കുകയാണ്. കേരളത്തിലെ വിവാഹം അടക്കമുള്ള ആഘോഷവേദികളിൽ രുചി നിറയ്ക്കുന്നത് കേറ്ററിംങ് മേഖല വഴിയാണ്. ഈ മേഖലയെ ആശ്രയിച്ച് പതിനായിരങ്ങളാണ് ജോലി ചെയ്യുന്നത്. എന്നാൽ, ഓരോ ദിവസമെന്നോളം വർദ്ധിക്കുന്ന പാചക വാതക വിലക്കയറ്റം ഈ മേഖലയുടെ നട്ടെല്ലൊടിയ്ക്കുകയാണ്. ആയിരക്കണക്കിന് തൊഴിലാളികളുടെയും കുടുംബങ്ങളുടെയും ഉപജീവനമാർഗമായ ഈ മേഖല, പാചക വാതകത്തിന്റെ കുത്തനെ ഉയർന്ന വിലയും ആവശ്യത്തിന് ഗ്യാസ് ലഭിക്കാത്ത അവസ്ഥയും കാരണം കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണ്. ഈ പ്രതിസന്ധിയെ തുടർന്ന് ചെറുകിട, ഇടത്തരം, വലിയ കാറ്ററിങ്ങ് യൂണിറ്റുകൾ എല്ലാം ഒരുപോലെ പ്രതിസന്ധിയിലായി. ദിവസേന നിരവധി സിലിണ്ടറുകൾ ഉപയോഗിക്കേണ്ട സ്ഥാപനങ്ങൾക്ക് ഈ വർദ്ധനവ് താങ്ങാനാകാത്ത ഭാരമായി മാറിയിരിക്കുകയാണ്. ഇതിനൊപ്പം സംസ്ഥാനത്തെ പല ഭാഗങ്ങളിലും കൊമേഴ്ഷ്യൽ ഗ്യാസ് ലഭ്യതയിൽ വലിയ ബുദ്ധിമുട്ടുകൾ നേരിടുന്ന സാഹചര്യം നിലനിൽക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വാണിജ്യ സിലണ്ടറുകളുടെ വില അമിതമായി വർദ്ധിച്ചതോടെ ആഘോഷ വേദികളിലെല്ലാം ഇരുട്ട് പടർന്നിരിക്കുകയാണ്. പല ഓർഡറുകളും മാസങ്ങൾക്കു മുൻപ് തന്നെ ലഭിച്ചതാണ്. ഇപ്പോൾ പാചക വാതക വില അമിതമായി വർദ്ധിച്ച സാഹചര്യത്തിൽ ഒരു പ്ലേറ്റിന് 50 മുതൽ 60 രൂപ വരെ വില വർദ്ധിപ്പിക്കേണ്ടസാഹചര്യമുണ്ട്. എന്നാൽ, മുൻകൂട്ടി ബുക്ക് ചെയ്തവരോട് ചിലവ് വർദ്ധിച്ചു എന്നത് പറഞ്ഞ് മനസിലാക്കുക എന്നത് സാധ്യമായ കാര്യമല്ല.
പാചക വാതകത്തിന് ഒപ്പം അരി, എണ്ണ, പച്ചക്കറി, മാംസം, മസാല സാധനങ്ങൾ, ഗതാഗതച്ചെലവ് എന്നിവയിലും ഉണ്ടായ വിലക്കയറ്റം പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കേരളത്തിലെ കാറ്ററിംഗ് വ്യവസായം ചെയ്യുന്നവർ 25 ശതമാനം വരെ നിരക്ക് വർദ്ധിപ്പിക്കാൻ നിർബന്ധിതരായിരിക്കുകയാണ്. അല്ലാത്തപക്ഷം ചെലവ് താങ്ങാനാകാത്ത അവസ്ഥയാണ് നിലവിലുള്ളത്.ചില സ്ഥാപനങ്ങൾ ദിവസേന നഷ്ടം സഹിച്ചാണ് പ്രവർത്തിക്കുന്നത്. തൊഴിലാളികൾക്ക് ശമ്പളം നൽകുന്നതിലും ബുദ്ധിമുട്ട് നേരിടുന്നു. ലക്ഷകണക്കിന് തൊഴിലാളികളുടെ ജീവിതമാണ് ഇതോടെ അനിശ്ചിതത്വത്തിലായത്. ഈ സാഹചര്യത്തിൽ കാറ്ററിംങ് മേഖലയെ സംരക്ഷിക്കാൻ സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്നും അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.

