ജയ്പൂർ: ഐപിഎഎല്ലില്‍ രാജസ്ഥാൻ റോയല്‍സിനെതിരായ കൂറ്റൻ വിജയത്തോടെ പ്ലേ ഓഫ് സാധ്യതകള്‍ കുത്തനെ ഉയര്‍ത്തി ഗുജറാത്ത് ടൈറ്റൻസ്. ജയ്പൂരില്‍ ഇന്നലെ നടന്ന മത്സരത്തില്‍ 77 റണ്‍സിന്റെ കൂറ്റൻ ജയം നേടിയതോടെ 14 പോയിന്റുമായി പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ച ഗുജറാത്തിന്റെ പ്ലേ ഓഫ് സാധ്യത 72.52% ആയി ഉയർന്നു. ശേഷിക്കുന്ന മൂന്ന് കളികളില്‍ ഒരെണ്ണം ജയിച്ചാലും ഗുജറാത്തിന് പ്ലേ ഓഫിലെത്താന്‍ കഴിയും. രണ്ട് കളികള്‍ ജയിച്ചാല്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്നും ലക്ഷ്യം വെക്കാം. രാജസ്ഥാനെതിരായ വൻ ജയത്തോടെ ഗുജറാത്തിന്റെ നെറ്റ് റണ്‍ റേറ്റ് -0.147-ല്‍ നിന്നും +0.228 എന്ന മികച്ച നിലയിലെത്തി. ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്നിലെത്താൻ ഗുജറാത്തിന് ഇപ്പോള്‍ 38.71% സാധ്യതയാണുള്ളത്.
തോറ്റെങ്കിലും രാജസ്ഥാൻ റോയല്‍സ് പ്ലേ ഓഫ് സാധ്യതയില്‍ ഇപ്പോഴും ഗുജറാത്തിനും ഏറെ മുന്നിലാണ്. 80.31% ആണ് നിലവില്‍ രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യത. വരാനിരിക്കുന്ന മത്സരങ്ങളില്‍ ഡല്‍ഹി, ലക്നൗ, മുംബൈ എന്നീ താരതമ്യേന ദുർബലരായ ടീമുകളെയാണ് രാജസ്ഥാന് നേരിടാനുള്ളത് എന്നതാണ് അനുകൂലമായ ഘടകം. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദിന് മൂന്ന് മത്സരങ്ങള്‍ ബാക്കിയുണ്ട്. പ്ലേ ഓഫിലെത്താൻ 89.59 ശതമാനം സാധ്യതയാണ് ഹൈദരാബദിനുള്ളത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആദ്യ ഏഴ് കളികളിലും തോല്‍വി അറിയാതെ കുതിച്ചശേഷം തുടര്‍ച്ചയായി മൂന്ന് കളികള്‍ തോറ്റെങ്കിലും പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള പഞ്ചാബ് കിംഗ്സ് ആണ് പ്ലേ ഓഫ് സാധ്യതയില്‍ രണ്ടാം സ്ഥാനത്ത്. നാലു മത്സരങ്ങള്‍ ബാക്കിയുള്ള പഞ്ചാബിന് 84.81% സാധ്യതയാണുള്ളത്. തുടര്‍ച്ചയായി രണ്ട് കളികള്‍ തോറ്റെങ്കിലും നാലാം സ്ഥാനത്തുള്ള റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ആണ് പ്ലേ ഓഫ് സാധ്യതയില്‍ നാലാമത്. 77.55 ശതമാനം സാധ്യതയാണ് ആര്‍സിബിക്കുള്ളത്. മികച്ച നെറ്റ് റണ്‍ റേറ്റും(+1.234) ആര്‍സിബിക്ക് അനുകൂല ഘടകമാണ്.
ഗുജറാത്ത് രാജസ്ഥാനെ തോല്‍പ്പിച്ചതോടെ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ചങ്കിടിപ്പാണ് കൂടിയത്. ഗുജറാത്ത് ജയിച്ചതോടെ ചെന്നൈ ആറാം സ്ഥാനത്തുള്ള ചെന്നൈയുടെ സാധ്യത 38.81 ശതമാനമായി കുറഞ്ഞു. ചെന്നൈ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്താനുള്ള സാധ്യത 12.62 ശതമാനം മാത്രമാണ്. അവസാന രണ്ട് സ്ഥാനങ്ങളിലുള്ള മുംബൈയും ലക്നൗവും പ്ലേ ഓഫിലെത്താൻ നിലവില്‍ 1.5% സാധ്യത മാത്രമാണുള്ളത്. അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ ഇവർക്ക് ഇനി മുന്നേറാൻ സാധിക്കൂ. പ്ലേ ഓഫ് സാധ്യതകള്‍ ഏതാണ്ട് പൂർണ്ണമായും അവസാനിച്ച നിലയിലാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. ലീഗ് ഘട്ടം അവസാനിക്കാൻ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പ്ലേ ഓഫ് പോരാട്ടം വരും ദിവസങ്ങളില്‍ കൂടുതല്‍ കടുക്കും.


