കോഴിക്കോട്: യാത്രക്കാരനെ ആക്രമിച്ച് പഴ്സും പണവും രേഖകളും കവര്‍ന്ന കേസില്‍ സ്ഥിരം കുറ്റവാളിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുപ്പതിലേറെ കേസുകളില്‍ പ്രതിപ്പട്ടികയിലുള്ള കോഴിക്കോട് മേരിക്കുന്ന് സ്വദേശി ബെന്നി ലോയ്ഡി(47) നെയാണ് കസബ പൊലീസും സിറ്റി ക്രൈം സ്‌ക്വാഡും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. കോഴിക്കോട് പാളയത്ത് വെച്ച് വയോധികനെ ആക്രമിച്ച് മോഷണം നടത്തിയ കേസിലാണ് നടപടി. മെയ് ഒന്നാം തിയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി ഒന്‍പത് മണിയോടെ ബസ് സ്റ്റാന്‍റ് പരിസരത്ത് വെച്ച് നല്ലളം കൊളത്തറ സ്വദേശിയായ 58കാരനെ ആക്രമിച്ച് പരിക്കേല്‍പിക്കുകയും പോക്കറ്റിലുണ്ടായിരുന്ന 5000 രൂപയും ആധാര്‍ കാര്‍ഡിന്‍റെ കോപ്പിയും മറ്റ് രേഖകളടങ്ങിയ പഴ്‌സും തട്ടിപ്പറിച്ച് കൊണ്ടുപോവുകയുമായിരുന്നു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് കസബ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
സംഭവ സ്ഥലത്തെയും സമീപ പ്രദേശങ്ങളിലെയും നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ ബെന്നി ലോയ്ഡിനെ കുറിച്ചുള്ള സൂചന ലഭിച്ചു. സൈബര്‍ സെല്ലുമായി ചേര്‍ന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തില്‍ ഇയാളെ മാവൂര്‍ റോഡില്‍ വെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബെന്നിയുടെ പേരില്‍ കോഴിക്കോട് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി മുപ്പതിലേറെ കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. വില്‍പ്പനയ്ക്കായി മയക്കുമരുന്ന് സൂക്ഷിച്ചതിനും മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടെ പിടിയിലായതിനും മോഷണം നടത്തിയിതിനും പിടിച്ചുപറി നടത്തിയിതിനും പൊതുസ്ഥലത്ത് മദ്യപിച്ചതിനും അടിപിടിയുണ്ടാക്കിയതിനും ഉള്‍പ്പെടെയാണ് ഈ കേസുകള്‍. കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്റ് ചെയ്തു.


