കണ്ണൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശം സ്വീകരിച്ചു സ്വർണാഭരണങ്ങളില്ലാതെ മകളുടെ വിവാഹം നടത്തി സി സദാനന്ദൻ എംപി. സ്വർണത്തിന് പകരം ഫാൻസി ആഭരണങ്ങള്‍ മാത്രമണിഞ്ഞാണ് മകള്‍ കതിർമണ്ഡപത്തില്‍ എത്തിയതെന്നും പ്രധാനമന്ത്രിയുടെ ഉപദേശം പൂർണമായും പാലിച്ചുവെന്നും സി സദാനന്ദൻ എംപി അറിയിച്ചു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് എംപി ഇക്കാര്യം അറിയിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
“പൊന്നണിഞ്ഞില്ല…. പ്രധാനമന്ത്രിയുടെ ഉപദേശം സ്വീകരിച്ചു. മോളുടെ വിവാഹം സമംഗളം ഗുരുവായൂർ നടയില്‍ ഇന്നലെ നടന്നു. ഒരുപാടുപേർ നേരിട്ടും സമൂഹ മാധ്യമങ്ങളിലൂടെയും ഫോണിലൂടെയും മംഗളാശംസകള്‍ നേർന്നു. എല്ലാവർക്കും ഹൃദയപൂർവം നന്ദി. അഭിമാനത്തോടെ ഒരു കാര്യം സൂചിപ്പിക്കട്ടെ. നാടു നേരിടുന്ന വലിയ വെല്ലുവിളി മറികടക്കാൻ ഏഴുപായങ്ങള്‍ ആരാധ്യനായ പ്രധാനമന്ത്രി നിർദേശിച്ചിരുന്നു. അതിലൊന്നാണ് വിവാഹം സ്വർണാഭരണങ്ങളില്ലാതെ നടത്തണമെന്നത്.
ആദരപൂർവം മോളതു സ്വീകരിച്ചു. ശ്രീകാന്ത് പ്രത്യേകം താല്പര്യമെടുത്തു. നമുക്കങ്ങനെ മതിയെന്ന് രണ്ടു പേരും തീരുമാനിച്ചു. കുടുംബാംഗങ്ങള്‍ പിന്തുണയേകി. ഫാൻസി ആഭരണങ്ങള്‍ മാത്രമണിഞ്ഞ് അവള്‍ കതിർ മണ്ഡപത്തിലെത്തി. മോദിജിയുടെ ഉപദേശം പൂർണമായും പാലിച്ചു. ഏറെ ചാരിതാർത്ഥ്യം…. ആരെങ്കിലും ഒരാളെങ്കിലും, എന്നാല്‍ ഞാനുമങ്ങനെ എന്നു തീരുമാനിച്ചാല്‍ കൃതാർത്ഥനായി”.
ഗുരുവായൂർ ക്ഷേത്രത്തില്‍ ഇക്കഴിഞ്ഞ ദിവസമായിരുന്നു സി സദാനന്ദൻ എംപിയുടെ മകള്‍ യമുനാ ഭാരതി വിവാഹിതയായത്. മാധ്യമപ്രവർത്തകനായ ശ്രീകാന്ത് എസ് പിള്ളയാണ് വരൻ.


