കോട്ടയം : മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കുക എന്നുള്ളതാണ് സർക്കാർ നയം എന്ന് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് പറഞ്ഞു. മുല്ലപ്പെരിയാർ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയമാണെന്നും തമിഴ്നാട്ടിലെയോ കേരളത്തിലെയോ ഒരു എംഎൽഎയോ മന്ത്രിക്കോ പ്രതികരിക്കാവുന്ന വിഷയമല്ലന്നും മോൻസ് ജോസഫ് പറഞ്ഞു. മുല്ലപ്പെരിയാർ വിഷയവുമായി സുപ്രീംകോടതി ആവശ്യപ്പെട്ട, റിപ്പോർട്ട് മുൻ സർക്കാർ നൽകിയിട്ടുണ്ടോ എന്നുള്ളത് പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുല്ലപ്പെരിയാർ അടക്കമുള്ള ഡാമുകളുടെ വിഷയം പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നതല യോഗം വിളിച്ചതായും മുന്നോട്ടുപോകുകയാണെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാർ വിഷയം നിസ്സാരവൽക്കരിച്ച് കാണാവുന്ന വിഷയം അല്ലെന്നും തമിഴ്നാടിന് വെള്ളം കൊടുക്കുകയും ഒപ്പം കേരളജനതയുടെ സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യുകയാണ് സർക്കാരിന്റെ ദൗത്യം എന്നും മന്ത്രി പറഞ്ഞു. കേരള തമിഴ്നാട് മുഖ്യമന്ത്രിമാരും ജല വിഭവ വകുപ്പ് മന്ത്രിമാരും ഒരുമിച്ചിരുന്ന ചർച്ചചെയ്ത് നല്ല തീരുമാനങ്ങൾ എടുക്കുന്നതിനെക്കുറിച്ചും സർക്കാർ ആലോചനയിൽ ഉണ്ടെന്നും മറ്റുതരത്തിൽ നിലവിലെ ശാന്തമായ അന്തരീക്ഷങ്ങൾ തകർക്കരുത് എന്നും അനാവശ്യ പ്രസ്ഥാനങ്ങൾ നടത്തരുതെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. കണക്കരി പഞ്ചായത്തിലെ പുതുതായി നിർമ്മിക്കുന്ന ആയുർവേദ ആശുപത്രി കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം നിർവഹിക്കാൻ എത്തിയ മന്ത്രി, നൽകിയ പ്രത്യേക അഭിമുഖത്തിലാണ് പ്രതികരണം.


