ബെയ്റൂട്ടിന്‍റെ തെക്കൻ പ്രാന്തപ്രദേശങ്ങളില്‍ ആക്രമണം നടത്തുമെന്ന ഭീഷണി മുഴക്കി ഇസ്രായേൽ : പ്രത്യാഘാതം കഠിനമായിരിക്കുമെന്ന് ഇറാന്‍റെ മുന്നറിയിപ്പ്

ടെഹ്റാൻ: ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിന്‍റെ തെക്കൻ പ്രാന്തപ്രദേശങ്ങളില്‍ ആക്രമണം നടത്തുമെന്ന ഭീഷണി ഇസ്രായേല്‍ നടപ്പിലാക്കിയാല്‍ പ്രത്യാഘാതം കഠിനമായിരിക്കുമെന്ന് ഇറാന്‍റെ മുന്നറിയിപ്പ്. ഇസ്രായേല്‍ സൈന്യം ബെയ്റൂട്ടില്‍ ആക്രമണം നടത്തിയാല്‍ ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് ഇറാന്‍റെ സെൻട്രല്‍ മിലിട്ടറി കമാൻഡ് വടക്കൻ ഇസ്രായേലിലെ താമസക്കാർക്ക് നിർദ്ദേശം നല്‍കി. ഇറാന്‍റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ പുറത്തുവിട്ട പ്രസ്താവനയില്‍ ഖാത്തം അല്‍-അൻബിയ സെൻട്രല്‍ ഹെഡ്ക്വാർട്ടേഴ്സ് കമാൻഡറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബെയ്റൂട്ടിലെ ദാഹിയയിലുള്ള ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ഇസ്രായേല്‍ സൈന്യം ആവശ്യപ്പെട്ടതിനുള്ള മറുപടിയായാണ് ഇറാന്‍റെ ഈ പുതിയ നീക്കം.

Advertisements

ഇസ്രായേല്‍ ഭരണകൂടം വെടിനിർത്തല്‍ വ്യവസ്ഥകള്‍ ആവർത്തിച്ച്‌ ലംഘിക്കുകയാണെന്ന് ഇറാൻ കുറ്റപ്പെടുത്തി. ഇസ്രായേല്‍ തങ്ങളുടെ ഭീഷണി നടപ്പിലാക്കുകയാണെങ്കില്‍, വടക്കൻ മേഖലകളിലും അധിനിവേശം നടത്തിയ പ്രദേശങ്ങളിലെ സൈനിക താവളങ്ങള്‍ക്ക് സമീപവും താമസിക്കുന്ന ഇസ്രായേലികള്‍ക്ക് ജീവഹാനി സംഭവിക്കാതിരിക്കാൻ അവർ എത്രയും വേഗം അവിടെനിന്നും ഒഴിഞ്ഞു പോകണമെന്നാണ് ഇറാൻ കമാൻഡർ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ബെയ്റൂട്ടിന് നേരെ ഇസ്രായേല്‍ ആക്രമണം നടത്തിയാല്‍ വടക്കൻ ഇസ്രായേലിനെ ലക്ഷ്യമിട്ട് വൻതോതിലുള്ള പ്രത്യാക്രമണം ഉണ്ടാകുമെന്ന സൂചനയാണ് ഇറാൻ ഇതിലൂടെ നല്‍കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള പോരാട്ടം കൂടുതല്‍ ശക്തമാകുന്നതോടെ പശ്ചിമേഷ്യ വീണ്ടും കടുത്ത യുദ്ധഭീതിയിലാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിനിടെ, ലെബനനിലെ ഇസ്രായേല്‍ സൈന്യത്തിന്റെ കടന്നുകയറ്റത്തില്‍ പ്രതിഷേധിച്ച്‌ അമേരിക്കയുമായുള്ള സമാധാന ചർച്ചകള്‍ ഇറാൻ പൂർണ്ണമായും നിർത്തിവെച്ചിട്ടുണ്ട്. മധ്യസ്ഥർ മുഖേന യുഎസുമായി നടത്തിവന്നിരുന്ന ചർച്ചകളും രേഖകളുടെ കൈമാറ്റവുമാണ് ഇറാൻ താല്‍ക്കാലികമായി നിർത്തിവെച്ചിരിക്കുന്നതെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നീം തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു. വെടിനിർത്തലിനുള്ള പ്രധാന വ്യവസ്ഥകളില്‍ ഒന്നായിരുന്നു ലെബനൻ അതിർത്തിയിലെ സമാധാനമെന്നും എന്നാല്‍ ഇസ്രായേല്‍ എല്ലാ മുന്നണികളിലും ഇത് ലംഘിച്ചതായും ഇറാൻ കുറ്റപ്പെടുത്തി.

ഗാസയിലെയും ലെബനനിലെയും ഇസ്രായേലിന്റെ യുദ്ധം അടിയന്തരമായി അവസാനിപ്പിക്കണമെന്നും ലെബനനില്‍ നിന്ന് ഇസ്രായേല്‍ സൈന്യം പൂർണ്ണമായി പിന്മാറണമെന്നുമാണ് ഇറാന്റെ ആവശ്യം. ഇക്കാര്യങ്ങളില്‍ ഇറാന്റെയും മറ്റ് പ്രതിരോധ സംഘടനകളുടെയും നിലപാടുകള്‍ അംഗീകരിക്കുന്നത് വരെ യാതൊരുവിധ ചർച്ചകള്‍ക്കും തയ്യാറല്ലെന്ന് ഭരണകൂടം വ്യക്തമാക്കി.

Hot Topics

Related Articles