അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റൻസിനെ തകർത്ത് തുടർച്ചയായ രണ്ടാം തവണയും ഐപിഎല്‍ കിരീടം നേടിയ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ആഘോഷങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തി സൂപ്പർ താരം ടിം ഡേവിഡിന് വിലക്ക്.ഫൈനല്‍ മത്സരത്തിനിടെ ഓണ്‍-ഫീല്‍ഡ് അമ്പയർ നിതിൻ മേനോന് നേരെ പ്രകോപിതനായി ഐസ് ബാഗ് എറിഞ്ഞതിനാണ് ഓസ്ട്രേലിയൻ താരത്തിന് ഐപിഎല്‍ ഒരു മത്സരത്തില്‍ നിന്ന് വിലക്കേർപ്പെടുത്തിയത്. വിലക്കിന് പുറമെ മാച്ച് ഫീയുടെ 50 ശതമാനം പിഴയായും താരം ഒടുക്കണം. ഇതോടെ അടുത്ത വർഷത്തെ ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ ആർസിബിക്ക് ടിം ഡേവിഡിന്റെ സേവനം ലഭ്യമാകില്ല.
ഫൈനലില്‍ ഗുജറാത്ത് ഇന്നിങ്സിന്റെ പത്താം ഓവറിലായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വിക്കറ്റ് വീണതിന് പിന്നാലെ ടിം ഡേവിഡ് അമ്പയർ നിതിൻ മേനോന് നേരെ ഐസ് ബാഗ് എറിയുകയായിരുന്നു. മത്സരത്തിനിടയില്‍ പന്തോ, വാട്ടർ ബോട്ടിലോ, മറ്റ് ഉപകരണങ്ങളോ കളിക്കാർക്കോ ഒഫീഷ്യലുകള്‍ക്കോ നേരെ അപകടകരമായ രീതിയില്‍ എറിയുന്നത് തടയുന്ന ഐപിഎല്‍ പെരുമാറ്റച്ചട്ടത്തിലെ ലെവല്‍ 1 (ആർട്ടിക്കിള്‍ 2.9) ലംഘനമാണ് ടിം ഡേവിഡ് നടത്തിയത്. മാച്ച് റഫറി ജവഗല്‍ ശ്രീനാഥ് വിധിച്ച ശിക്ഷാ നടപടികള്‍ താരം അംഗീകരിച്ചു. മത്സരത്തിനൊടുവില്‍ ആഘോഷങ്ങള്‍ക്കിടെ ടിം ഡേവിഡ് ഐസ് പെട്ടി കോച്ച് ആന്‍ഡി ഫ്ലവറിന്റെ തലയിലൂടെ കമിഴ്ത്തിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ സീസണില്‍ ടിം ഡേവിഡ് നടത്തുന്ന മൂന്നാമത്തെ പെരുമാറ്റച്ചട്ട ലംഘനമാണിത്. നേരത്തെ ടൂർണമെന്റിലെ 20-ാം മത്സരത്തിലും 54-ാം മത്സരത്തിലും താരം അച്ചടക്കലംഘനത്തിന് ഡിമെറിറ്റ് പോയിന്റുകള്‍ വാങ്ങിയിരുന്നു. ഫൈനലിലെ മോശം പെരുമാറ്റത്തിലൂടെ 2 ഡി മെറിറ്റ് പോയിന്റ് കൂടി ലഭിച്ചതോടെ ഈ സീസണില്‍ താരത്തിന്റെ ആകെ ഡിമെറിറ്റ് പോയിന്റ് അഞ്ചായി ഉയർന്നു. ഐപിഎല്‍ നിയമപ്രകാരം 5 ഡിമെറിറ്റ് പോയിന്റുകള്‍ ആവുന്ന കളിക്കാരന് ഒരു മത്സരത്തില്‍ നിന്ന് വിലക്ക് വരും.


