ന്യൂയോർക്ക്: ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഫുട്ബോള്‍ ലോകകപ്പിന് പന്തുരുളാൻ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, ആവേശകരമായ പ്രവചനങ്ങളുമായി ബ്രസീലിയൻ ഇതിഹാസ താരം കാക്ക.അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്‍റില്‍ ആര് കിരീടം നേടും, ആരാകും ലോകകപ്പിലെ മികച്ച താരം, മികച്ച കോച്ച് എന്നീ കാര്യങ്ങളാണ് 2002-ലെ ബ്രസീലിന്‍റെ ലോകകപ്പ് ഹീറോ കായിക മാധ്യമമായ ‘ദി അത്ലറ്റിക്കിന്’ നല്‍കിയ അഭിമുഖത്തില്‍ പ്രവചിച്ചത്.
ഇത്തവണ ബ്രസീല്‍ തങ്ങളുടെ ആറാം ലോകകപ്പ് കിരീടം സ്വന്തമാക്കുമെന്നാണ് കാക്കയുടെ ഉറച്ച പ്രവചനം. ടൂർണമെന്‍റിലെ മികച്ച താരമായി കാക്ക തിരഞ്ഞെടുത്തത് സ്പെയിനിന്‍റെ ബാഴ്സലോണ താരം ലാമിൻ യമാലിനെയാണ്. ആദ്യമായി ലോകകപ്പ് കളിക്കാനിറങ്ങുന്ന യമാല്‍ ഇത്തവണ ടൂർണമെന്‍റില്‍ വിസ്മയമാകുമെന്ന് കാക്ക വിശ്വസിക്കുന്നു. ബ്രസീല്‍ ദേശീയ ടീമിന്‍റെ പരിശീലകനായ കാർലോ ആൻസലോട്ടി ആയിരിക്കും ടൂർണമെന്‍റിലെ മികച്ച പരിശീലകനെന്നും കാക്ക പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അന്താരാഷ്ട്ര തലത്തില്‍ ആൻസലോട്ടിയുടെ ആദ്യ ടൂർണമെന്‍റാണെങ്കിലും ക്ലബ്ബ് തലത്തില്‍ വലിയ കിരീടങ്ങള്‍ നേടിയിട്ടുള്ള അദ്ദേഹത്തിന്‍രെ തന്ത്രങ്ങള്‍ ബ്രസീലിന് തുണയാകുമെന്ന് കാക്ക പറഞ്ഞു. ആരാധകരെ ഞെട്ടിച്ചുകൊണ്ട്, ആതിഥേയരായ അമേരിക്കൻ ടീമിനെക്കുറിച്ചാണ് കാക്കയുടെ മറ്റൊരു പ്രധാന പ്രവചനം. അമേരിക്ക ഇത്തവണ ലോകകപ്പിന്‍റെ സെമി ഫൈനല്‍ വരെ കുതിക്കുമെന്നാണ് കാക്ക വ്യക്തമാക്കിയത്. ലോകകപ്പ് വേദികളില്‍ താൻ നേരിട്ടതില്‍ വെച്ച് ഏറ്റവും കടുത്ത എതിരാളികള്‍ ആരാണെന്ന ചോദ്യത്തിന് 2006-ലെ ഫ്രാൻസ് ദേശീയ ടീമിന്‍റെ പേരാണ് കാക്ക പറഞ്ഞത്. അന്ന് ക്വാർട്ടർ ഫൈനലില്‍ സിനദിൻ സിദാന്‍റെ ഫ്രാൻസിനോട് തോറ്റായിരുന്നു ബ്രസീലിന്‍റെ പുറത്താകല്‍.


