കോട്ടയം : മഴയും ഗതാഗതക്കുരുക്കും മൂലം വലയുന്ന കോട്ടയം നിവാസികളെ കോടിമതയിലെ പുതിയ ഗതാഗത നിയന്ത്രണം ദുരിത ദിനങ്ങളിലേക്കാണ് കൊണ്ടുപോകുന്നതെന്ന് ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡൻറ് ജി. ലിജിൻ ലാൽ ആരോപിച്ചു.
സ്കൂൾ ദിനങ്ങളിൽ ഇത്തരത്തിലുള്ള നിയന്ത്രണം ഏർപ്പെടുത്തുന്നത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുക. കോടിമത രണ്ടാം പാലം താൽക്കാലികമായി എങ്കിലും തുറന്നുകൊടുത്ത ശേഷം നിയന്ത്രണം ഏർപ്പെടുത്താൻ കഴിയും. എന്നാൽ കൊട്ടിഘോഷിച്ചുള്ള ഉദ്ഘാടനത്തിൻ്റെ പകിട്ടു കുറയാതിരിക്കാൻ ആണ് ജനങ്ങളെ ഇപ്പോൾ ബുദ്ധിമുട്ടിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എംഎൽഎയുടെ രാഷ്ട്രീയ താൽപര്യങ്ങളെക്കാൾ മുൻഗണന നൽകേണ്ടത് ജനങ്ങളുടെ കഷ്ടപ്പാടിനും ദുരിതത്തിനുമാണ്. പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് എങ്കിലും എംഎൽഎക്ക് ഉപദേശം നൽകാമായിരുന്നു.
ആദ്യ പാലത്തിന്റെ സമീപന പാതയിൽ അറ്റകുറ്റപ്പണി വേണ്ടിവരും എന്നുള്ളത് സമീപവാസിയായ സ്ഥലം എംഎൽഎക്ക് നേരത്തെ തന്നെ അറിയാം. അതിനുമുമ്പ് രണ്ടാമത്തെ പാലം ഗതാഗത സജ്ജമാക്കുകയാണെങ്കിൽ ആശ്വാസമായേനെ .
ഇത്തരത്തിലുള്ള ക്രമീകരണങ്ങൾ കോട്ടയം ജില്ലയിൽ നേരത്തെ ചെയ്ത കീഴ്‌വഴക്കം ഉണ്ട്.
കോടിമത രണ്ടാം പാലത്തിൻറെ നിർമ്മാണം 10 വർഷമായിട്ടും പൂർത്തിയാക്കാൻ കഴിയാത്തതാണ് പ്രശ്നത്തിന് അടിസ്ഥാനകാരണം. കഴിഞ്ഞ മാർച്ചിൽ പാലം തുറന്നു കൊടുക്കും എന്നാണ് ഇലക്ഷൻ വാഗ്ദാനമായി സിറ്റിംഗ് എംഎൽഎ വിളമ്പിയത്. ഇക്കാര്യത്തിൽ പൊതുമരാമത്ത് വകുപ്പു വിഭാഗവും കുറ്റകരമായ അനാസ്ഥ പുലർത്തി.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന് കഴിഞ്ഞിട്ടും പാലം പണി ഇഴഞ്ഞു നീങ്ങി. ഉദ്ഘാടനം മാമാങ്ക ദിനം കുറിച്ചശേഷം ശേഷിക്കുന്ന പണികൾ പൂർത്തിയാക്കിയാൽ മതി എന്ന നിലപാട് സ്വീകരിച്ചതാണ് ഇപ്പോഴത്തെ പ്രശ്നത്തിന് കാരണം.
പത്തുവർഷം കഴിഞ്ഞിട്ടും രണ്ടാം പാലത്തിൻറെ പണിപൂർത്തിയാക്കാൻ കഴിയാത്ത സ്ഥലം എംഎൽഎയാണ് നഗരത്തെ സ്തംഭിപ്പിക്കുന്ന ഇത്തരം ഒരു ഗതാഗത നിയന്ത്രണത്തിലേക്ക് നയിച്ചത്. അതിൻറെ ഉത്തരവാദിത്വത്തിൽ നിന്നും തലയൂരാൻ കഴിയില്ല.
എംസി റോഡിലെ പ്രധാന പാലം 10 ദിവസം അടച്ചിടുന്നത് നഗരത്തെ പൂർണ്ണമായി സ്‌തംഭിപ്പിക്കും.


