ചിത്രം: ആലപ്പുഴ മെഡിക്കൽകോളജ് സൂപ്രണ്ട് ഡോ.പി.എല്‍. ലക്ഷ്മി
അമ്പലപ്പുഴ : സിനിമയില്‍നിന്ന് മൊട്ടിട്ട സ്വപ്നം ജീവിതത്തിലേക്കുള്ള ഒരു ‘തിരക്കഥ’യായി മാറിയതിന്‍റെ സംതൃപ്തിയിലാണ് ഡോ. പി.എൽ. ലക്ഷ്മി. എട്ടാം വയസ്സിൽ കണ്ട ഒരു സിനിമയാണ് മുഹമ്മ കായിപ്പുറം ലക്ഷ്മി ദേവിനിവാസില്‍ ലക്ഷ്മിയുടെ ജീവിതകഥ മാറ്റിമറിച്ചത്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയുടെ വനിത സൂപ്രണ്ടായ ഡോ. പി.എൽ. ലക്ഷ്മി(38) സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സൂപ്രണ്ടെന്ന പ്രത്യേകത കൂടിയുണ്ട്. സിനിമയിൽ നിന്ന് ചിറകിട്ട സ്വപ്നം ഡോക്ടറായും ആശുപത്രി മേധാവിയായും കായികതാരമായും ഒരേസമയം തിളങ്ങുകയാണിവർ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
1995-ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം ”നിർണയം” കണ്ട ശേഷമാണ് ഡോക്ടറാകണമെന്ന സ്വപ്നം കുഞ്ഞുമനസ്സിൽ മുളച്ചത്. വർഷങ്ങൾക്കിപ്പുറം ആ സ്വപ്നം യാഥാർഥ്യമായി. ഇന്ന് സ്വന്തം നാടായ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയുടെ സൂപ്രണ്ട് പദവിയിലിരിക്കുകയാണ്. ഡോക്ടർ എന്ന നിലയിൽ മാത്രമല്ല, പവർലിഫ്റ്റിങ് താരമെന്ന നിലയിലുംഡോ. ലക്ഷ്മി ശ്രദ്ധേയയാണ്. മെഡിക്കൽ പഠനകാലത്ത് ആരംഭിച്ച ജിം പരിശീലനം പിന്നീട് പവർലിഫ്റ്റിങ്ങിലേക്കുള്ള വഴിയായി. 2023 ല്‍ ജില്ല ഓപണ്‍ ചാമ്പ്യന്‍ഷിപ്പില്‍ 84 പ്ലസ് കിലോ വിഭാഗത്തില്‍ സ്വര്‍ണവും 2025-26 സിവില്‍ സര്‍വീസ് മീറ്റിലും സ്വര്‍ണം നേടി. ഡെഡ് ലിഫ്റ്റ്, സ്ക്വാട്ട്, ബെഞ്ച് പ്രസ് ഇനങ്ങളിൽ സംസ്ഥാന ചാമ്പ്യനായ ഡോ. ലക്ഷ്മിയുടെ അടുത്ത ലക്ഷ്യം ദേശീയ കിരീടമാണ്.
തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടയിലും എല്ലാദിവസവും രാത്രി പരിശീലനത്തിനായി സമയം മാറ്റിവെക്കുന്നു.
സ്കൂള്‍ പഠനകാലത്ത് സി.ബി.എസ്.ഇ സഹോദയ സ്പോര്‍ട്സ് മീറ്റില്‍ ബാഡ്മിറ്റണ്‍, ത്രോബാള്‍, മെഡിസിന്‍ പഠനകാലത്ത് കോഴിക്കോട് സര്‍വകലാശാല ബാഡ്മിന്‍റന്‍ ഡബിള്‍സിലും സ്വര്‍ണം നേടിയിരുന്നു. പി.ഡബ്ല്യു.ഡി റിട്ട. ചീഫ് എൻജിനീയർ എം. പെണ്ണമ്മയുടെയും റിട്ട. സൂപ്രണ്ടിങ് എൻജിനീയർ പുരുഷോത്തമന്റെയും മകളായ ലക്ഷ്മിക്ക് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയുമായി മറ്റൊരു വൈകാരിക ബന്ധവുമുണ്ട്. ആശുപത്രിയിലെ വിവിധ കെട്ടിടങ്ങളുടെ നിർമാണത്തിന് നേതൃത്വം നൽകിയത് മാതാവ് പെണ്ണമ്മയാണ്. അമ്മയുടെ പേര് പതിച്ച ശിലാഫലകങ്ങൾ ആശുപത്രി കെട്ടിടങ്ങളില്‍ ഇപ്പോഴുമുണ്ട്. ചെട്ടിക്കാട് ആശുപത്രിയിലെ ശിശുരോഗവിദഗ്ധനായ ഡോ. ഡി. ജയദേവനാണ്ഭർത്താവ്. ദുർഗാദേവിയും ഭദ്രയുമാണ് മക്കൾ.


