കോട്ടയം: വിശ്വാസ്യതയാണ് കേരളാ ലോട്ടറിയുടെ മുഖമുദ്രയെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. കളക്ടറേറ്റിൽ സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംപർ(ബി.ആർ 111) ടിക്കറ്റിന്റെ ജില്ലാതല പ്രകാശനവും വിതരണോദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാഗ്യക്കുറി ഒരു ബാധ്യതയല്ല, മറിച്ച് സംസ്ഥാനത്തിന് നല്ല വരുമാനമാർഗവും ആയിരക്കണക്കിന് ആളുകളുടെ ജീവിതമാർഗവുമാണ്. പാവപ്പെട്ടവരും അംഗപരിമിതരുമാണ് ഈ മേഖലയിൽ വിശിഷ്ട സേവനം നടത്തുന്നത്. ലോട്ടറി നിരോധിച്ച സമയത്ത് എത്രയോ പാവപ്പെട്ടവരുടെ ജീവിതത്തെയാണ് അത് ബാധിച്ചതെന്ന് നാം കണ്ടതാണെന്നും സ്പീക്കർ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഭാഗ്യക്കുറിവിൽപനക്കാരിയായ ളാക്കാട്ടൂർ സ്വദേശിനി ലൈലാകുമാരിക്ക് ടിക്കറ്റുകൾ നൽകിക്കൊണ്ടാണ് ജില്ലയിലെ വിതരണത്തിന്റെ ഉദ്ഘാടനം സ്പീക്കർ നിർവഹിച്ചത്.
കളക്ടറേറ്റ് വിപഞ്ചിക ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിച്ചു.
ജില്ലാ കളക്ടർ ചേതൻകുമാർ മീണ, നഗരസഭാ അംഗങ്ങളായ ജോഫി മരിയ ജോൺ, അനുഷ കൃഷ്ണ, ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് മുൻ അംഗം ഫിലിപ്പ് ജോസഫ്, ജില്ലാ ഭാഗ്യക്കുറി ഓഫീസർ കെ.പി. മെഹബൂബ്, അസിസ്റ്റന്റ് ഭാഗ്യക്കുറി ഓഫീസർമാരായ എസ്.ഷാജി, എൻ.ആർ. ശ്രീലേഖ, ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസർ കെ. സിന്ധുമോൾ, ലോട്ടറി വിൽപനക്കാരുടെ സംഘടനകളുടെ ഭാരവാഹികളായ ചന്ദ്രിക ഉണ്ണിക്കൃഷ്ണൻ, ടി.എസ് നിസ്താർ, സിജോ പ്ലാത്തോട്ടം, സന്തോഷ് കല്ലറ, കെ.ജി. ഹരിദാസ്, പി.കെ. ആനന്ദക്കുട്ടൻ എന്നിവർ പങ്കെടുത്തു.


