ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് മർദിച്ച സംഭവം ; അന്വേഷണ ചുമതല കൊല്ലം റൂറൽ എസ്.പിയ്ക്ക് കൈമാറി

ആലപ്പുഴ: കളക്ടറേറ്റ് മാർച്ചിന് നേതൃത്വം നൽകിയ യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് ഡോ.എം.പി .പ്രവീൺ അടക്കമുള്ള പ്രവർത്തകരെ പൊലീസ് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അന്വേഷണച്ചുമതല കൊല്ലം റൂറൽ എസ്.പിക്ക് കൈമാറി. 2024 ജനുവരി 14ന് നടന്ന സംഭവത്തിൽ പരാതി നൽകിയിട്ടും മുൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയുമില്ലാതിരിക്കേ, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നൽകിയ പരാതിയിലാണ് ഇപ്പോൾ നടപിയുണ്ടായിരിക്കുന്നത്. വ്യാഴാഴ്ച്ച ഡോ.എം.പി.പ്രവീണിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനായിരുന്ന രാഹൂൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ജില്ലാ കമ്മിറ്റി നടത്തിയ കളക്ടേറേറ്റ് മാർച്ചാണ് അക്രമാസക്തമായത്. ടൗൺ ഹാളിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് കളക്ടറേറ്റിന് സമീപം പൊലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവർത്തകർ പിരിഞ്ഞുപോകാൻ തയ്യാറായില്ല. ജില്ലാ പ്രസിഡന്റ് പ്രവീണിന്റെ നേതൃത്വത്തിൽ പ്രവർത്തകർ ബാരിക്കേഡ് മറികടന്ന് മുന്നോട്ട് പോകാൻ ശ്രമിച്ചതോടെയാണ് പൊലീസ് ലാത്തിവീശിയത്. നിലത്തുവീണ പ്രവീണിനെ പൊലീസ് സംഘം വളഞ്ഞിട്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. പ്രവർത്തകർക്കിടയിൽ നിന്ന് തന്നെ മാത്രം ലക്ഷ്യമാക്കിയെത്തിയ പൊലീസ് വലിച്ചിഴച്ചുകൊണ്ടുപോവുകയായിരുന്നുവെന്ന് അന്നേ പ്രവീൺ പരാതിപ്പെട്ടിരുന്നു. റോഡിന്റെ മൂലയ്ക്ക് കൊണ്ടുപോയി വളഞ്ഞിട്ട് ക്രൂരമായി ആക്രമിച്ചു. മുളവടിയാണ് ലാത്തിക്ക് പകരം ഉപയോഗിച്ചത്. പൊലീസ് പാലിക്കേണ്ട മിനിമം മര്യാദ പോലും പാലിച്ചില്ല. തലയ്ക്കുള്ളിൽ രക്തസ്രാവമുണ്ടായതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയ പ്രവീൺ തുടർചികിത്സകൾ തുടരുകയാണ്. മൂന്നുമാസത്തോളം നീണ്ട ചികിത്സയ്ക്കുശേഷമാണ് പ്രവീൺ ആരോഗ്യസ്ഥിതി വീണ്ടെടുത്തത്. അന്നത്തെ ആലപ്പുഴ ഡിവൈ.എസ്.പി എൻ.ആർ.ജയരാജ്, സൗത്ത് സ്റ്റേഷൻ സി.ഐ അരുൺ, ഇരുപതോളം പൊലീസുകാർ എന്നിവരെ പ്രതികളാക്കിയാണ് പരാതി സമർപ്പിച്ചിരിക്കുന്നത്.

Advertisements

Hot Topics

Related Articles