ബംഗളൂരു: വിവാഹ ചടങ്ങിനിടെ കല്യാണ മണ്ഡപത്തില്‍ നിന്ന് സ്വർണാഭരണങ്ങള്‍ മോഷ്ടിച്ചെന്ന് പരാതി. ബെംഗളൂരുവിലെ ബിദറഹള്ളിയില്‍ ഒരു കോടി രൂപയുടെ സ്വർണാഭരണങ്ങള്‍ മോഷ്ടിക്കപ്പെട്ടെന്നാണ് പരാതി.അമേരിക്കയില്‍ നിന്നെത്തിയ ശ്രീദേവി എന്ന ഡോക്ടർ മണ്ഡപത്തിലെ മുറിയില്‍ അടച്ച് സൂക്ഷിച്ച സ്വണമാണ് നഷ്ടപ്പെട്ടത്. സംഭവത്തില്‍ ആവലഹള്ളി പൊലീസ് അന്വേഷണം തുടങ്ങി.
വിവാഹ ചടങ്ങില്‍ പങ്കെടുക്കാൻ ഓള്‍ഡ് മദ്രാസ് റോഡിലെ കല്യാണ മണ്ഡപത്തിലെത്തിയ ബെംഗളൂരു സ്വദേശിയായ എൻആർഐ ഡോക്ടറാണ് കവർച്ചയ്ക്ക് ഇരയായത്. ബിദറഹള്ളിയിലെ എസ്ഡിപി പാലസ് കല്യാണ മണ്ഡപത്തിലായിരുന്നു കവർച്ച. വിദേശത്ത് നിന്നെത്തിയ ഡോക്ടർക്ക് കല്യാണ മണ്ഡപത്തില്‍ വച്ച് സഹോദരൻ ആഭരണങ്ങളടങ്ങിയ പെട്ടി കൈമാറിയിരുന്നു. ഇതില്‍ കുറച്ചണിഞ്ഞ ശേഷം ബാക്കിയുള്ള ആഭരണങ്ങള്‍ പെട്ടിയോടെ മണ്ഡപത്തിലെ മുറിയില്‍ വച്ച് പൂട്ടുകയായിരുന്നു. ചടങ്ങുകള്‍ക്ക് ശേഷം ഇത് തിരികെ എടുക്കാൻ എത്തിയപ്പോഴാണ് ആഭരണങ്ങള്‍ നഷ്ടപ്പെട്ട വിവരം അറിഞ്ഞതെന്ന് ഡോക്ടർ വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുറിയുടെ ലോക്ക് തകർത്ത ലക്ഷണങ്ങളില്ല. ഡോക്ടർ പരാതി നല്‍കിയതോടെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചടങ്ങില്‍ പങ്കെടുത്ത ആരെങ്കിലുമോ മണ്ഡപത്തിലെ ജീവനക്കാരോ ആകാം കവർച്ചയ്ക്ക് പിന്നിലെന്ന നിഗമനത്തിലാണ് പൊലീസ്. മുറിയുടെ താക്കോല്‍ ചടങ്ങിനെത്തിയവർക്ക് കൈമാറിയിരുന്നെന്നും ജീവനക്കാരുടെ പക്കല്‍ മറ്റ് താക്കോലുകള്‍ ഇല്ലായിരുന്നുവെന്നും മണ്ഡപത്തിന്റെ മാനേജർ മൊഴി നല്‍കി. അന്വേഷണവുമായി സഹകരിക്കുമെന്നും മാനേജർ വ്യക്തമാക്കി. ആവലഹള്ളി പൊലീസാണ് കേസ് അന്വേഷിക്കുന്നത്, കല്യാണ മണ്ഡപത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ചടങ്ങിനെത്തിയവരെ വിശദമായി ചോദ്യം ചെയ്യാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.

