പക്ഷിപ്പനി: കോട്ടയം പനച്ചിക്കാട് പഞ്ചായത്തിൽ 832 പക്ഷികളെ ദയാവധം ചെയ്തു

കോട്ടയം: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച പനച്ചിക്കാട് പഞ്ചായത്തിലെ 14-ാം വാർഡിൽ കാവനാടിചിറയിൽ 670 പക്ഷികളെ ദയാവധം ചെയ്ത് സംസ്‌ക്കരിച്ചു. രോഗംസ്ഥിരീകരിച്ചതിന് ഒരു കിലോമീറ്റർ പരിധിയിലുള്ള കുറിച്ചി പഞ്ചായത്തിലെ നാല്, അഞ്ച് വാർഡുകളിലെ 162 പക്ഷികളെയും ദയാവധം ചെയ്തു. 

കോട്ടയം നഗരസഭയിലെ 37, 38 വാർഡുകളിൽ പക്ഷികളെ ദയാവധം ചെയ്യുന്ന പ്രവർത്തനങ്ങൾ വെള്ളിയാഴ്ച വൈകിയും പുരോഗമിക്കുകയാണെന്നും മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിലുള്ള ദ്രുതകർമ്മസേനയാണ് പ്രവർത്തനങ്ങൾ നടത്തുന്നതെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഷാജി പണിക്കശേരി അറിയിച്ചു.  


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പനച്ചിക്കാട് കാവനാടിചിറയിലുള്ള സ്വകാര്യ ഫാമിലെ കോഴികളിലാണ് രോഗം സ്ഥിരീകരിച്ചത്. 

രോഗം സ്ഥിരീകരിച്ചതിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ വളർത്തു പക്ഷികളെയും ദയാവധം നടത്തി ശാസ്ത്രീയമായി മറവു ചെയ്തു. മുൻ വർഷങ്ങളിൽ ദേശാടന പക്ഷികൾ ധാരാളമായി വരുന്ന ജില്ലയുടെ വടക്കൻ മേഖലകളിലെ പാടശേഖരം കേന്ദ്രീകരിച്ചാണ് പക്ഷിപ്പനി കണ്ടു വന്നിരുന്നത്. ഇത്തവണ ജില്ലയുടെ തെക്കു ഭാഗത്തുള്ള ജനവാസ മേഖലയിലാണ് രോഗം സ്ഥിരീകരിച്ചതെന്നും ഡോ. ഷാജി പണിക്കശേരി പറഞ്ഞു.

ജനവാസ മേഖലയായതിനാൽ പക്ഷിപ്പനി വൈറസിന് അതിവേഗം വകഭേദം ഉണ്ടാകുന്നതിനും പക്ഷികളിൽ നിന്നും അടുത്ത സമ്പർക്കം മൂലം മനുഷ്യരിലേക്കും രോഗം പടരാൻ ഇടയുള്ളതിനാൽ മൂന്നു മാസത്തേയ്ക്ക് രോഗം സ്ഥിരീകരിച്ച മേഖലയിൽ പക്ഷികളെ വളർത്തുന്നതിന് കർശന നിയന്ത്രണമുണ്ടാകും. പക്ഷിപ്പനി സ്ഥിരീകരിച്ച ഫാം ഓരോ പതിനഞ്ചു ദിവസം കൂടുമ്പോഴും അണുവിമുക്തമാക്കും. 

മൂന്നു മാസത്തെ തുടർ നിരീക്ഷണത്തിന് ശേഷമേ പുതിയ പക്ഷികളെ വളർത്താൻ അനുവാദം നൽകൂ. ചീഫ് വെറ്ററിനറി ഓഫീസർ ഡോ.പി.കെ. മനോജ് കുമാർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ദ്രുതകർമ്മ സേനയുടെ പ്രവർത്തനങ്ങൾ ജില്ലാ എപിഡെമിയോളജിസ്‌റ് ഡോ. എസ്. രാഹുൽ, ലീഡർ ഡോ. അജോ ജോസഫ്, പനച്ചിക്കാട് വെറ്ററിനറി സർജൻ ഡോ. ജിഷ ജെയിംസ്, നാട്ടകം വെറ്ററിനറി സർജൻ ഡോ. ജയന്ത് ഗോവിന്ദ്, കുറിച്ചി വെറ്ററിനറി സർജൻ ഡോ. ശോഭ പ്രസാദ്, ലൈവ്‌സ്റ്റോക്ക് ഇൻസ്പെക്ടർമാരായ സന്തോഷ് കുമാർ, ബി.ആർ. സിന്ധു, സി. ജോസഫ്, കൃഷ്ണകുമാരി, കെ. രമ്യ, കെ.ജെ. ലതമോൾ, റ്റി. ബിനുമോൻ എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles