തൃശൂര്‍: ചാലക്കുടി പുഴയ്ക്ക് കുറുകെയുള്ള പഴയപാലം ശനിയാഴ്ച മുതല്‍ വീണ്ടും അടച്ചിടും. ബെയറിങ് മാറ്റുന്ന പ്രവര്‍ത്തികള്‍ക്കായാണ് ഇപ്പോള്‍ പാലം അടയ്ക്കുന്നത്. പാലത്തിലെ ബെയറിങ് മാറ്റുന്ന പ്രവര്‍ത്തികള്‍ക്കായി 20 ദിവസത്തോളം വേണ്ടിവരുമെന്നാണ് കണക്കുകൂട്ടല്‍. പാലം അടച്ചിടുന്നതോടെ തൃശൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ സമാന്തര പാലത്തിലൂടെയായിരിക്കും കടത്തിവിടുക.
ഏഴ് സ്പാനുകളിലായി 42 ബെയറിങ്ങുകളാണ് മാറ്റുന്നത്. ജാക്കി ലിവര്‍ ഉപയോഗിച്ച് പാലത്തിന്റെ സ്പാന്‍ ഉയര്‍ത്തിയതിന് ശേഷമാണ് പുതിയ ബെയറിങ്ങുകള്‍ ഘടിപ്പിക്കുന്നത്. പാലം അടച്ചിടുന്നതോടെ ദേശീയപാതയില്‍ ഗതാഗത കുരുക്ക് രൂപപ്പെടാനുള്ള സാധ്യത ഏറെയാണ്. വേനല്‍ മഴ കനത്താല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകും. സ്കൂള്‍ തുറക്കും മുമ്പേ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്ന തരത്തിലാണ് പ്രവൃത്തികള്‍ ക്രമീകരിച്ചിരിക്കുന്നത്. ഗുരുവായൂര്‍ ഇന്‍ഫ്രാ സ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡിനാണ് നിര്‍മ്മാണ ചുമതല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിര്‍മ്മാണത്തിന്റെ ഭാഗമായി ചാലക്കുടി മേഖലയില്‍ വലിയ ഗതാഗത തടസമാണ് അനുഭവപ്പെടുന്നത്. ദേശീയപാത ചാലക്കുടി മേഖലയില്‍ മുരിങ്ങൂര്‍, കൊരട്ടി, ചിറങ്ങര എന്നിവിടങ്ങളിലാണ് പ്രവൃത്തികള്‍ നടക്കുന്നത്. മുരിങ്ങൂര്‍, ചിറങ്ങര എന്നിവിടങ്ങളില്‍ അടിപ്പാതകളും കൊരട്ടിയില്‍ മേല്‍പ്പാലവുമാണ് നിര്‍മ്മിക്കുന്നത്. ചിറങ്ങരയില്‍ ഇരുഭാഗത്തു കൂടിയും മുരിങ്ങൂരില്‍ തൃശൂര്‍ ഭാഗത്തേക്കുള്ള വശത്തിലൂടെയും വാഹനങ്ങള്‍ കടത്തിവിടുന്നുണ്ട്. കൊരട്ടിയില്‍ മേല്‍പ്പാല നിര്‍മ്മാണത്തിന്റെ ഭാഗമായി തൂണുകള്‍ കോണ്‍ക്രീറ്റ് ചെയ്യുന്ന പ്രവൃത്തികളാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം ഷീറ്റുകള്‍ തെന്നിമാറി കോണ്‍ക്രീറ്റ് പൂര്‍ണ്ണമായും ഒഴുകി പോകുകയും ചെയ്തിരുന്നു. കൊരട്ടി മേഖലയില്‍ കനത്ത ഗതാഗത കുരുക്കാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. ചാലക്കുടിപ്പുഴ പാലം അടച്ചിടുന്നതോടെ ഗതാഗതകുരുക്ക് കൂടുതല്‍ രൂക്ഷമാകാനാണ് സാധ്യത.

