മുംബൈ: ആര്സിബിക്കെതിരാരയ തോല്‍വിയോടെ മുംബൈ ഇന്ത്യൻസും, ചെന്നൈയോട് തോറ്റ ലക്നൗ സൂപ്പർ ജയന്റ്സും പ്ലേ ഓഫ് കാണാതെ ഔദ്യോഗികമായി പുറത്തായി. ഇതോടെ ശേഷിക്കുന്ന സ്ഥാനങ്ങള്‍ക്കായി 8 ടീമുകള്‍ തമ്മിലുള്ള മത്സരം കൂടുതല്‍ സങ്കീർണ്ണമായി. ഐപിഎല്ലില്‍ ഇന്നലെ നടന്ന നിർണായക മത്സരത്തില്‍ മുംബൈ ഇന്ത്യൻസിനെ തകർത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയതോടെ പ്ലേ ഓഫ് ബര്‍ത്തിനായുള്ള മത്സരം കൂടുതല്‍ സങ്കീര്‍ണമായി. ആവേശം അവസാന പന്ത് വരെ നീണ്ട പോരാട്ടത്തിലാണ് ആർസിബി വിജയം പിടിച്ചെടുത്തത്.
ഇന്നലെ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ തോല്‍വിയോടെ ലക്നൗ സൂപ്പര്‍ ജയന്റ്സും ആര്‍സിബിക്കെതിരായ തോല്‍വിയോടെ മുംബൈ ഇന്ത്യൻസും ഔദ്യോഗികമായി പ്ലേ ഓഫ് കാണാതെ പുറത്തായി. അവസാന മൂന്ന് കളികള്‍ ജയിച്ചാലും ലക്നൗവിനും മുംബൈക്കും പരമാവധി 12 പോയിന്റ് മാത്രമെ നേടാനാവു. നാലു ടീമുകള്‍ക്ക് നിലവില്‍ 13 ഓ അതില്‍ കൂടുതലോ പോയിന്റുണ്ട്. ഇതോടെ 8 ടീമുകളാണ് നിലവില്‍ പ്ലേ ഓഫിലെ അവസാന നാല് സ്ഥാനങ്ങള്‍ക്കായി മത്സരിക്കുന്നത്. ഓരോ ടീമുകളുടെയും സാധ്യതകള്‍ നോക്കാം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
11 മത്സരങ്ങളില്‍ 14 പോയിന്റുമായി ഒന്നാം സ്ഥാനത്ത് നില്ക്കുന്ന നിലവിലെ ചാമ്പ്യന്മാരായ ആർസിബിക്ക് പ്ലേ ഓഫ് ഏകദേശം ഉറപ്പിക്കാൻ ഒരു ജയം കൂടി മതി. ആദ്യ രണ്ട് സ്ഥാനങ്ങളില്‍ എത്തി ക്വാളിഫയർ ഉറപ്പിക്കാനാണ് രജത് പാട്ടിദാറും സംഘവും ഇനി ശ്രമിക്കുക. മികച്ച നെറ്റ് റണ്‍ റേറ്റും(+1.103) ആര്‍സിബിക്ക് മറ്റു ടീമുകളെക്കാള്‍ മുൻതൂക്കം നല്കുന്നു. കൊല്‍ക്കത്ത, പഞ്ചാബ്, ഹൈദരാബാദ് എന്നിവര്‍ക്കെതിരെയാണ് ആര്‍സിബിയുടെ അവസാന 3 കളികള്‍.
11 മത്സരങ്ങളില്‍ 14 പോയിന്റുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദിന് ബാക്കിയുള്ള മൂന്ന് മത്സരങ്ങളില്‍ രണ്ടെണ്ണം ജയിച്ചാല്‍ പ്ലേ ഓഫ് ഉറപ്പിക്കാം. മെയ് 22-ന് ആർസിബിക്കെതിരായ അവസാന ലീഗ് മത്സരം പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാരെ തീരുമാനിക്കുന്നതില്‍ നിർണ്ണായകമാകും.ചെന്നൈക്കും ഗുജറാത്തിനുമെതിരെയും ഹൈദരാബാദിന് മത്സരങ്ങളുണ്ട്. 10 മത്സരങ്ങളില്‍ 13 പോയിന്റുള്ള പഞ്ചാബ് കിംഗിസ് പോയിന്റ് പട്ടികയില്‍ നിലവില്‍ നാലാം സ്ഥാനത്താണെങ്കിലും സാങ്കേതികമായി ഏറ്റവും മികച്ച നിലയിലുള്ളത് പഞ്ചാബാണ്. അവസാന മൂന്ന് കളികളില്‍ തോറ്റെങ്കിലും മറ്റു ടീമുകളെക്കാള്‍ ഒരു മത്സരം കുറച്ചു കളിച്ചതിന്റെ ആനുകൂല്യം പഞ്ചാബിനുണ്ട്. ബാക്കിയുള്ള 4 കളികളില്‍ രണ്ടെണ്ണം ജയിച്ചാല്‍ 17 പോയിന്റോടെ പഞ്ചാബിന് അനായാസം പ്ലേ ഓഫില്‍ കടക്കാം. പ്ലേ ഓഫിലെത്തില്ലെന്ന് ഉറപ്പായ ഡല്‍ഹി, മുംബൈ, ലക്നൗ എന്നിവര്‍ക്ക് പുറമെ ആര്‍സിബിയുമാണ് പഞ്ചാബിന്റെ ഇനിയുള്ള എതിരാളികള്‍.
11 മത്സരങ്ങളില്‍ 14 പോയിന്റുമായി മൂന്നാം സ്ഥാനത്ത് ഉണ്ടെങ്കിലും മറ്റ് ടീമുകളെ അപേക്ഷിച്ച് കുറഞ്ഞ നെറ്റ് റണ്‍ റേറ്റ്(0.228) ഗുജറാത്തിന് ഭീഷണിയാണ്. പ്ലേ ഓഫ് ഉറപ്പിക്കാൻ ഗുജറാത്തിന് രണ്ട് ജയങ്ങള്‍ അനിവാര്യമാണ്. ബാക്കിയുള്ള 3 കളികളില്‍ ഒരു മത്സരം പ്ലേ ഓഫ് പ്രതീക്ഷിക്കുന്ന ഹൈദരാബാദിനും ചെന്നൈക്കും പ്ലേ ഓഫിലെത്താന്‍ ഇപ്പോഴും സാധ്യത അവശേഷിപ്പിക്കുന്ന കൊല്ക്കത്തക്കുമെതിരെ ആണെന്നതും ഗുജറാത്തിന് വെല്ലുവിളി ആണ്.
അഞ്ച് തവണ ചാമ്പ്യന്മാരായ ചെന്നൈക്ക് കാര്യങ്ങള്‍ അത്ര എളുപ്പമല്ല. ബാക്കിയുള്ള 3 മത്സരങ്ങളില്‍ രണ്ടെണ്ണം ജയിച്ചാലും റണ്‍ റേറ്റ് (+0.185) കുറവായതിനാല്‍ മറ്റ് ടീമുകളുടെ ഫലത്തെ ആശ്രയിക്കേണ്ടി വരും. മൂന്ന് മത്സരങ്ങളും ജയിക്കുക എന്നതാണ് ചെന്നൈക്ക് മുന്നിലുള്ള ഏക വഴി. ഇതില്‍ ഒരു മത്സരം ലക്നൗവിനെതിരെ ആണെങ്കില്‍ മറ്റ് രണ്ട് കളികള്‍ ഗുജറാത്തിനും ഹൈദരാബാദിനുമെതിരെ ആണെന്നത് കടുത്ത വെല്ലുവിളിയാണ്. ലക്നൗവിനും ഗുജറാത്തിനുമെതിരായ മത്സരങ്ങള്‍ എവേ മത്സരങ്ങളുമാണ്. ആര്‍സിബി ഇന്നലെ ജയിച്ചതോടെ ഇനി എല്ലാ കളികളും ജയിക്കുക എന്നത് മാത്രമാണ് ചെന്നൈക്കു മുന്നിലെ ഏക വഴി.
11 മത്സരങ്ങളില്‍ 12 പോയിന്റുള്ള രാജസ്ഥാന് റോയല്‍സും ചെന്നൈയുടെ അതേ അവസ്ഥയിലാണ്. അവസാന നാല് മത്സരങ്ങളില്‍ മൂന്നിലും പരാജയപ്പെട്ടത് രാജസ്ഥാന് വലിയ തിരിച്ചടിയായി. നാലാം സ്ഥാനത്തെത്താനായി രാജസ്ഥാനും ചെന്നൈയും തമ്മിലായിരിക്കും പ്രധാന പോരാട്ടം. എന്നാല്‍ രാജസ്ഥാന്റെ അവസാന മൂന്ന് കളികള്‍ പ്ലേ ഓഫ് കാണാതെ പുറത്തായ ലക്നൗവും മുംബൈയും പ്ലേ ഓഫ് പ്രതീക്ഷ ഏതാണ്ട് അവസാനിച്ച ഡല്ഹിയുമാണെന്നത് ചെന്നൈക്കുമേല്‍ രാജസ്ഥാന് മുന്‍തൂക്കം നല്കുന്നു.
10 മത്സരങ്ങളില്‍ 9 പോയിന്റുള്ള കൊല്‍ക്കത്ത അവസാന നാലു കളികളും ജയിച്ചെങ്കിലും പ്ലേ ഓഫ് സാധ്യതകള്‍ താരതമ്യേന കുറവാണ്. കൊല്‍ക്കത്ത പ്ലേ ഓഫില്‍ എത്തണമെങ്കില്‍ ബാക്കിയുള്ള 4 മത്സരങ്ങളും ജയിച്ച് 17 പോയിന്റില്‍ എത്തണം. ഒരൊറ്റ തോല്‍വി പോലും കൊല്‍ക്കത്തക്ക് പുറത്തേക്കുള്ള വഴിയൊരുക്കും. ഗുജറാത്ത്, ആര്‍സിബി, മുംബൈ, ഡല്‍ഹി ടീമുകളെയാണ് കൊല്‍ക്കത്തക്ക് അവസാന നാലു കളികളില്‍ നേരിടേണ്ടത്.
11 കളികളില്‍ 8 പോയിന്റ് മാത്രമുള്ള ഡല്‍ഹിയും പ്ലേ ഓഫ് കാണാതെ പുറത്താകലിന്റെ വക്കിലാണ്.കണക്കുകളില്‍ മാത്രം സാധ്യത ബാക്കിയുള്ള ഡല്‍ഹിക്ക് അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ പ്ലേ ഓഫിലെത്താൻ സാധിക്കൂ. അവശേഷിക്കുന്ന മൂന്ന് കളിയും ജയിച്ചാലും ഡല്‍ഹിക്ക് പരമാവധി 14 പോയിന്റ് മാത്രമെ നേടാനാകു. നിലവില്‍ മൂന്ന് ടീമുകള്‍ 14 പോയിന്റും ഒരു ടീം 13 പോയിന്റും നേടിയതിനാല്‍ ഈ ടീമുകള്‍ എല്ലാ കളികളും തോല്‍ക്കുകയും ഡല്‍ഹി എല്ലാ കളികളും ജയിക്കുകയും ചെയ്താല്‍ മാത്രമെ പ്ലേ ഓഫിലെത്താന്‍ നേരിയ സാധ്യതയെങ്കിലുമുള്ളു. മോശം റണ്‍ റേറ്റും -1.154 ഡല്‍ഹിക്ക് തിരിച്ചടിയാണ്.


