ചിറ്റൂർ:ചിറ്റൂരിൽ കാണാതായ ആറു വയസുകാരൻ സുഹാൻ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം അത്യന്തം വേദനിപ്പിക്കുന്നതാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കുടുംബത്തിന് നിയമപരമായി ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ ഉറപ്പുവരുത്തുമെന്ന് മന്ത്രി വ്യക്തമാക്കി.അമ്പാട്ടുപാളയം മുഹമ്മദ് അനസ് – തൗഹീദ ദമ്പതികളുടെ ഇളയ മകനായ സുഹാൻ യുകെജി വിദ്യാർത്ഥിയായിരുന്നു. വീടിന് സമീപമുള്ള കുളത്തിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവവാർത്ത അറിഞ്ഞത് വലിയ നടുക്കമാണുണ്ടാക്കിയതെന്നും ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയ വിയോഗമാണിതെന്നും മന്ത്രി പറഞ്ഞു.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് അടിയന്തരമായി വിശദമായ അന്വേഷണം നടത്താൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. വിഷയവുമായി ബന്ധപ്പെട്ട് പ്രദേശത്തെ ജനപ്രതിനിധികളുമായി സംസാരിച്ചതായും അദ്ദേഹം വ്യക്തമാക്കി.മകനെ നഷ്ടപ്പെട്ട മാതാപിതാക്കളെ ആശ്വസിപ്പിക്കാൻ വാക്കുകളില്ലെന്നും ഈ ദുഃഖത്തിൽ കുടുംബത്തോടൊപ്പം താനും പങ്കുചേരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. സുഹാന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നതായും ആദരാഞ്ജലികൾ അർപ്പിക്കുന്നതായും മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.


