വയനാട്:സുപ്രീംകോടതി നൽകിയ നിര്‍ണായക പരാമർശത്തിന്റെ പശ്ചാത്തലത്തിൽ സഹകരണ ബാങ്കുകളിലും സംഘങ്ങളിലും നിക്ഷേപിച്ച പണം തിരികെ വാങ്ങാനുള്ള നീക്കങ്ങൾ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രവും തൃശ്ശിലേരി ശിവക്ഷേത്രവും വീണ്ടും ശക്തമാക്കുന്നു. “ക്ഷേത്രത്തിലെ പണം ദൈവത്തിന്‍റേതാണ്; സഹകരണ ബാങ്കുകളെ രക്ഷിക്കാനല്ല” എന്ന കോടതിയുടെ വിമർശനം ക്ഷേത്രങ്ങൾക്ക് വലിയ പ്രോത്സാഹനമായി.തിരുനെല്ലി സർവീസ് സഹകരണ ബാങ്ക് അടക്കം വിവിധ സൊസൈറ്റികളിൽ നിക്ഷേപിച്ച ഏകദേശം എട്ടര കോടി രൂപ തിരുനെല്ലി ക്ഷേത്രത്തിനും, ഒന്നര കോടി രൂപയ്ക്ക് സമീപം തൃശ്ശിലേരി ക്ഷേത്രത്തിനും ലഭിക്കാനുണ്ട്.
ഇവയിൽ തന്നെ, സിപിഎം ഭരണത്തിലുള്ള തിരുനെല്ലി സഹകരണ ബാങ്കിൽ മാത്രം ആറര കോടി രൂപ നിക്ഷേപിച്ചിരിക്കുകയാണ്.കഴിഞ്ഞ രണ്ടുവർഷമായി പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് തിരുനെല്ലി ക്ഷേത്രം നിരന്തരം ബാങ്കുകളെയും സംഘങ്ങളെയും സമീപിച്ചെങ്കിലും സാമ്പത്തിക ദുരവസ്ഥ ചൂണ്ടിക്കാട്ടിയാണ് പല സ്ഥാപനങ്ങളും പണം തിരിച്ചുനൽകാനാകില്ലെന്ന് വ്യക്തമാക്കിയത്. ഇതോടെയാണ് വിഷയം കോടതിയിലെത്തിച്ചത്.കേസ് പരിഗണിച്ച ഹൈക്കോടതി, രണ്ടുമാസത്തിനകം പണം നൽകണമെന്ന് നിർദേശിച്ചിരുന്നു. എന്നാൽ ഈ ഉത്തരവ് ചോദ്യം ചെയ്ത് ബാങ്കുകളും സംഘങ്ങളും നൽകിയ ഹർജി സുപ്രീംകോടതി തള്ളുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൂടാതെ ദേശീയ ബാങ്കുകളിൽ നിക്ഷേപിച്ച് പരമാവധി പലിശ തേടുന്നതിൽ തെറ്റൊന്നുമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.സുപ്രീംകോടതിയുടെ പരാമർശങ്ങൾക്കുശേഷം, തിരുനെല്ലി ദേവസ്വം ഇന്ന് തന്നെ ബന്ധപ്പെട്ട ബാങ്കുകളെയും സൊസൈറ്റികളെയും സമീപിച്ച് പണം തിരികെ ആവശ്യപ്പെടാൻ പുതിയ നീക്കം ആരംഭിച്ചു. ഇത്തവണ പണം വീണ്ടെടുക്കാനുള്ള ശ്രമം കൂടുതൽ കടുപ്പമാകുംെന്നാണ് വിലയിരുത്തൽ.ക്ഷേത്രങ്ങളുടെ പണം തിരികെ ലഭിക്കാത്തത് സംബന്ധിച്ച് യു.ഡി.എഫും ബി.ജെ.പിയും നേരത്തെ സമരങ്ങൾ സംഘടിപ്പിച്ചിരുന്നു. ശബരിമല വിഷയത്തിൽ പ്രതിരോധത്തിലായിരിക്കുമ്പോൾ, പാർട്ടി നേതൃത്വത്തിലുള്ള സഹകരണ ബാങ്കുകൾ തന്നെ ക്ഷേത്രത്തിന്റെ പണം നൽകാത്തത് സിപിഎമ്മിന് വയനാട്ടിൽ വലിയ രാഷ്ട്രീയ സമ്മർദ്ദം സൃഷ്ടിച്ചിരിക്കുകയാണ്.


