മദ്യം വാങ്ങുന്നതിനായി കടംവാങ്ങിയ പണത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ഓടിക്കൊണ്ടിരുന്ന തീവണ്ടിയില്‍ നിന്ന് സുഹൃത്തിനെ ചവിട്ടി പുറത്തേക്കിട്ടു. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട് തെങ്കാശി കടയനല്ലൂര്‍ സ്വദേശി രഘു (39)വിനെ പുനലൂര്‍ റെയില്‍വേ പോലീസ് കസ്റ്റഡിയിലെടുത്തു. ചവിട്ടേറ്റ് പുറത്തേക്കു വീണ് സാരമായി പരിക്കേറ്റ മേലേ കടയനല്ലൂര്‍ സ്വദേശി തിരുമലൈ കുമാര്‍ (39) ചികിത്സയിലാണ്. കൊല്ലം-ചെങ്കോട്ട റെയില്‍പ്പാതയില്‍ കഴുതുരുട്ടി റെയില്‍വേ സ്റ്റേഷന് സമീപം ഞായറാഴ്ച രണ്ടേകാലോടെയായിരുന്ന സംഭവം.
തിരുമലൈ കുമാറും രഘുവും മദ്യം വാങ്ങാന്‍ ഞായറാഴ്ച തെന്മലയില് എത്തിയിരുന്നു. തിരികെ മധുര എക്സ്പ്രസ് തീവണ്ടിയില്‍ തമിഴ്നാട്ടിലേക്ക് പോകുമ്പോള്‍ മദ്യത്തിനായി കടംവാങ്ങിയ പണത്തെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും തര്‍ക്കം മൂര്‍ച്ഛിക്കെ രഘു പ്രകോപിതനായി തിരുമലൈകുമാറിനെ ചവിട്ടി പുറത്തേക്കിടുകയും ചെയ്യുകയായിരുന്നെന്ന് റെയില്‍വേ പോലീസ് പറഞ്ഞു. മറ്റു യാത്രക്കാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് എസ്.ഐ.മാരായ എസ്. ശ്യാമകുമാരി, പ്രതാപന് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് എത്തി രഘുവിനെ കസ്റ്റഡിയിലെടുത്തു. കൊലപാതകശ്രമത്തിനാണ് കേസ്.


