കോട്ടയം: ഓണ്‍ലൈനില്‍ വാങ്ങിയ ഇലക്ട്രിക് സൈക്കിളിന്റെ തകരാറുകള്‍ പരിഹരിക്കാത്ത കമ്പനിക്ക് പിഴ ചുമത്തി ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആല്‍ഫാ വെക്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കെതിരേ പാലാ കിഴതടിയൂര്‍ കദളിക്കാട്ടില്‍ ജോര്‍ജ് കെ. തോമസ് നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ ഉത്തരവ്.
സൈക്കിളിന്റെ വിലയായ 37,998 രൂപ 2025 ജനുവരി 21 മുതല്‍ 9 ശതമാനം പലിശയോടെയും നന്നാക്കാന്‍ ചെലവായ 5,000 രൂപയും നഷ്ടപരിഹാരമായി 50,000 രൂപയും നല്‍കണമെന്നാണ് കമ്മീഷന്‍ നിര്‍ദേശം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2025 ജനുവരി 11-നാണ് ഗുജറാത്തിലെ അഹമ്മദാബാദ് ആസ്ഥാനമായുള്ള കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് ഇലക്ട്രിക് സൈക്കിള്‍ വാങ്ങിയത്. ഡെലിവറി സമയത്തുതന്നെ തകരാര്‍ കണ്ടതിനേത്തുടര്‍ന്ന് പരാതി നല്‍കിയെങ്കിലും പരിഹാരമുണ്ടാകാത്തതിനാല്‍ പരാതിക്കാരന്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിക്കുകയായിരുന്നു.
കമ്മീഷന്‍ എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് നല്‍കിയെങ്കിലും അവര്‍ ഹാജരാകുകയോ മറുപടി നല്‍കുകയോ ചെയ്തില്ല. സൈക്കിള്‍ വാങ്ങി കുറച്ചുമാസത്തിനുള്ളില്‍ തന്നെ നിരവധി തകരാറുകള്‍ ഉണ്ടായെന്നും പരാതിക്കാരന് ലഭിക്കേണ്ട സേവനത്തില്‍ കടുത്ത അശ്രദ്ധ ഉണ്ടായെന്നും അഡ്വ. വി.എസ്. മനുലാല്‍ പ്രസിന്റും അഡ്വ.ആര്‍. ബിന്ദു, കെ.എം. ആന്റോ എന്നിവര്‍ അംഗങ്ങളുമായ കമ്മീഷന്‍ കണ്ടെത്തി.


