ന്യൂഡല്‍ഹി: തെരെഞ്ഞെടുപ്പ് കമ്മിഷന്റെ പോർട്ടലും ആപ്പും വഴി ഇനി ഓണ്‍ലൈനായി വോട്ടർ പട്ടികയില്‍ പേര് ചേർക്കുന്നതിന് ഇ സൈൻ നിർബന്ധമാക്കി. സ്വന്തം ആധാറുമായി ബന്ധിപ്പിച്ച ഫോണ്‍ നമ്ബർ ഉപയോഗിച്ച് മാത്രമേ ഇനി മുതല്‍ ഓണ്‍ലൈനായി വോട്ടർ പട്ടികയില്‍ പേര് ചേർക്കാനും നീക്കം ചെയ്യാനും തിരുത്തല്‍ വരുത്താനും കഴിയുകയുള്ളു.
ഓണ്‍ലൈനിലൂടെ വ്യാപകമായി വോട്ടർ പട്ടികയില്‍ ക്രമക്കേട് നടത്തുന്നുവെന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന് പിന്നാലെയാണ് തെരെഞ്ഞെടുപ്പ് കമ്മിഷന്റെ പുതിയ പരിഷ്ക്കാരം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നേരത്തെ വോട്ടർ തിരിച്ചറിയല്‍ കാർഡിലെ നമ്ബറുമായി ഏതെങ്കിലും ഒരു ഫോണ്‍ നമ്ബർ ബന്ധിപ്പിച്ച ശേഷം ഓണ്‍ലൈനായി വോട്ടർപട്ടികയില്‍ പേര് ചേർക്കാനും നീക്കാനും സാധിക്കുമായിരുന്നു. ഫോണ്‍ നമ്ബർ സംബന്ധിച്ച പരിശോധന ഇല്ലാതിരുന്നതിനാല്‍ വ്യാപകമായ ക്രമക്കേട് നടന്നിരുന്നു. കർണാടകയിലെ അലന്ദ് മണ്ഡലത്തില്‍ ഇത്തരത്തില്‍ 6,000 ത്തിലധികം പേരുകള്‍ നീക്കം ചെയ്തിരുന്നതായി രാഹുല്‍ ഗാന്ധി ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ക്രമക്കേട് തടയുന്നതിന് പുതിയ നടപടി തെരെഞ്ഞെടുപ്പ് കമ്മിഷൻ ഏർപ്പെടുത്തിയത്.


