ഏറ്റുമാനൂരിൻ്റെ സ്വന്തമാകുന്നതാര്.. ? മന്ത്രിയും ഡിസിസി പ്രസിഡൻ്റും ഏറ്റുമുട്ടുന്ന ഏറ്റുമാനൂരിൻ്റെ മത്സര ചിത്രം ഇങ്ങനെ

ഏറ്റുമാനൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.എമ്മും – കോൺഗ്രസും ഏറ്റുമുട്ടുന്ന ഏറ്റവും വാശിയേറിയ ജില്ലയിലെ മണ്ഡലം ഏതെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ബാക്കിയുള്ളു- ഏറ്റുമാനൂർ. മന്ത്രി വി.എൻ വാസവനെ വെല്ലുവിളിക്കാൻ സാക്ഷാൽ ഡി.സി.സി പ്രസിഡൻ്റ് നാട്ടകം സുരേഷ് തന്നെ കളത്തിലിറങ്ങുന്ന ഏറ്റുമാനൂരിൻ്റെ മണ്ണിൽ കൊടുമ്പിരിക്കൊണ്ട പോരാട്ടമാണ് നടക്കുന്നത്. സി.പി.എം മുൻ ജില്ലാ സെക്രട്ടറി കൂടിയായ വി.എൻ വാസവൻ ഇക്കുറി അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തിലാണ് പോരാട്ടത്തിനിറങ്ങുന്നത്. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് കൂടിയായ നാട്ടകം സുരേഷ് കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്നു. എൻ.ഡി.എ സ്ഥാനാർത്ഥിയായി ട്വൻ്റി 20 യുടെ ആതിര ഡി.നായർ ചക്ക ചിഹ്നത്തിലാണ് മത്സര രംഗത്തുള്ളത്. ബി.എസ്.പി സ്ഥാനാർത്ഥിയായി ബിനോയ് ജോസഫ് ആന ചിഹ്നത്തിലും, ടോർച്ച് ചിഹ്നത്തിൽ എസ്.യു.സി.ഐയുടെ സ്ഥാനാർത്ഥിയായി ആഷ്ന തമ്പിയും രംഗത്തുണ്ട്. ബിജെപിയുടെ റിബലായി സ്വതന്ത്രനായി മത്സരിക്കുന്ന രാജ്മോഹൻ (വെട്ടിക്കുളങ്ങര ഉണ്ണി) ടിവി ചിഹ്നത്തിലാണ് മത്സര രംഗത്തുള്ളത്.

Advertisements

2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പോൾ ചെയ്തതിൻ്റെ 46.2 ശതമാനം വോട്ട് നേടിയ മന്ത്രി വി.എൻ വാസവൻ 14303 വോട്ടിൻ്റെ ഭൂരിപക്ഷമാണ് സ്വന്തമാക്കിയത്. കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച അഡ്വ.പ്രിൻസ് ലൂക്കോസിന് അന്ന് 43986 വോട്ട് മാത്രമാണ് നേടാനായത്. അന്ന് യു.ഡി.എഫ് റിബലായി രംഗത്ത് എത്തിയ ലതികാ സുഭാഷ് നേടിയ 7624 വോട്ട് യുഡിഎഫിൻ്റെ തോൽവിയിൽ ഏറെ നിർണ്ണായകമായി മാറി. ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ച ടി.എൻ ഹരികുമാർ 13746 വോട്ടാണ് 2021 ൽ മണ്ഡലത്തിൽ നിന്ന് സ്വന്തമാക്കിയത്. ബി.എസ്.പി സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്ന ജിജിത് കെ.ജോയി 1165 വോട്ട് നേടി. നോട്ട 780 ഉം, സ്വതന്ത്രനായ ചാർളി തോമസ് പണിക്കരിടം 330 ഉം, എസ്.യു.സി.ഐ സ്ഥാനാർത്ഥി എ.ജി അജയകുമാർ 247 വോട്ടുമാണ് സ്വന്തമാക്കിയത്.

Hot Topics

Related Articles