ഇരുനൂറടി വീരന്മാരെ നൂറ് പോലും കടക്കാതെ എറിഞ്ഞിട്ട് ഗുജറാത്ത്; പടുകൂറ്റൻ വിജയവുമായി പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി ഗുജറാത്ത് 

അഹമ്മദാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ 82 റണ്‍സിന്‍റെ പടുകൂറ്റൻ ജയവുമായി പ്ലേ ഓഫ് ബര്‍ത്തിനരികിലെത്തി ഗുജറാത്ത് ടൈറ്റന്‍സ്.അഹമ്മദാബാദില്‍169 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസിലിറങ്ങിയ ഹൈദരാബാദിനെ പേസ് കരുത്തില്‍ 86 റണ്‍സില്‍ എറിഞ്ഞിട്ടാണ് ഗുജറാത്ത് 16 പോയിന്‍റുമായി പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനവും പ്ലേ ഓഫും ഏതാണ്ട് ഉറപ്പിച്ചത്. വെടിക്കെട്ട് ബാറ്റര്‍മാര്‍ നിറഞ്ഞ ഹൈദരാബാദ് നിരയില്‍ 19 റണ്‍സെടുത്ത നായകന്‍ പാറ്റ് കമിന്‍സാണ് ടോപ് സ്കോററായത്. ഗുജറാത്തിനായി കാഗിസോ റബാഡയും ജേസണ്‍ ഹോള്‍ഡറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ പ്രിസദ്ധ് കൃഷ്ണ രണ്ട് വിക്കറ്റെടുത്തു.

Advertisements

ഹൈദരാബാദിനെതിരായ വമ്പന്‍ ജയത്തോടെ നെറ്റ് റണ്‍റേറ്റില്‍(0.551) നിര്‍ണായക മുന്നേറ്റം നടത്തിയ ഗുജറാത്ത് ആര്‍സിബിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഒന്നാം സ്ഥാനത്തേക്ക് കയറിയത്. തോറ്റെങ്കിലും ഹൈദരാബാദ് മൂന്നാം സ്ഥാനത്തുതന്നെയാണ്. ഗുജറാത്തിന്‍റെ തുടര്‍ച്ചയായ അഞ്ചാം ജയമാണിത്. അതേസമയം, തോല്‍വിയോടെ 12 കളികളില്‍ 14 പോയിന്‍റുമായി മൂന്നാം സ്ഥാനത്തായ ഹൈരാബാദിന് പ്ലേ ഓഫ് ഉറപ്പിക്കാൻ അവസാന രണ്ട് മത്സരങ്ങള്‍ നിര്‍ണായകമായി. സ്കോര്‍ ഗുജറാത്ത് ടൈറ്റന്‍സ് 20 ഓവറില്‍ 168-5, സണ്‍റൈസേഴ്സ് ഹൈദരാബാദ് 14.5 ഓവറില്‍ 86ന് ഓള്‍ ഔട്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടക്കം മുതല്‍ അടിതെറ്റി

169 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഹൈദരാബാദിന് തുടക്കത്തിലെ അടിതെറ്റി. ആദ്യ ഓവറില്‍ തന്നെ ട്രാവിസ് ഹെഡിനെ പൂജ്യനായി മടക്കി മുഹമ്മദ് സിറാജാണ് ഹൈദരാബാദിന്‍റെ തകര്‍ച്ചക്ക് തുടക്കമിട്ടത്. രണ്ടാം ഓവര്‍ എറിയാനെത്തിയ കാഗിസോ റബാഡയെ സിക്സ് അടിച്ച്‌ സ്വീകിരിച്ച അഭിഷേക് ശര്‍മക്കും അധികം ആയുസുണ്ടായില്ല. രണ്ടാം ഓവറിലെ നാലാം പന്തില്‍ അഭിഷേകിന്‍റെ അമിതാവേശം വിനയായി. റബാഡയുടെ പന്തില്‍ അഭിഷേക് ശര്‍മയുടെ(6) ദേഹത്ത് തട്ടിയ പന്ത് വിക്കറ്റിളക്കി. തുടക്കത്തിലെ ഏറ്റ ഇരട്ടപ്രഹരത്തില്‍ പകച്ച ഹൈദരാബാദിന് ഇഷാൻ കിഷന്‍ സിക്സ് അടിച്ച്‌ പ്രതീക്ഷ നല്‍കിയെങ്കിലും അധികം നീണ്ടില്ല. മൂന്നാം ഓവറില്‍ കിഷനെ(7 പന്തില്‍ 11) ബട്‌ലറുടെ കൈകളിലെത്തിച്ച റബാഡ മൂന്നാം പ്രഹരമേല്‍പ്പിച്ചു. സ്മരണ്‍ രവിചന്ദ്രനും ഹെന്‍റിച്ച്‌ ക്ലാസനും ചേര്‍ന്ന് പവര്‍ ഹൈദരാബാദിനെ പവര്‍ പ്ലേ കടത്തുമെന്ന് കരുതിയെങ്കിലും ആറാം ഓവറിലെ അ‍ഞ്ചാം പന്തില്‍ സ്മരണ്‍ രവിചന്ദ്രനെ(9) കൂടി മടക്കി റബാഡ ഹൈദരാബാദിന്‍റെ തലയരിഞ്ഞു.

Hot Topics

Related Articles