കുമരകം : റൂമാറ്റിക് ഹാർട്ട് ഡിസീസ് രോഗബാധിതനായി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കായി കാത്തിരിക്കുന്ന അരുണിൻ്റെ ജീവൻ രക്ഷിക്കാൻ കുമരകം പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ചികിത്സാനിധിയിലേക്ക് തൻ്റെ നാല് ബസ്സിൻ്റെ ഒരു ദിവസത്തെ വരുമാനം നൽകുമെന്ന് ബസ് ഉടമ രശ്മി ശശിധരൻ പറഞ്ഞു. ഇന്നു രാവിലെ 7.55 ന് കുമരകം ചന്തക്കവലയിലെ ബസ് ബേയിൽ കുമരകം സർക്കിൾ ഇൻസ്പെക്ടർ കെ ഷിജി ഫ്ലാഗ് ഓഫ് ചെയ്തു.
കോട്ടയം – ചേർത്തല റൂട്ടിൽ സർവ്വീസ് നടത്തുന്ന രണ്ടു കാർത്തിക ബസ്സുകൾ , കോട്ടയം- കുമരകം- കൈപ്പുഴമുട്ട് – വൈക്കം റൂട്ടിൽ സർവ്വീസ് നടത്തുന്ന വിശ്വനാഥ് ബസ്സ് , കൈപ്പുഴ മുട്ട് വൈക്കം റൂട്ടിലോടുന്ന കാർത്തിക ബസ്സ് എന്നിവയുടെ ഫെബ്രുവരി 25 ബുധനാഴ്ചത്തെ കളക്ഷനാണ് നൽകുന്നത്. ഇന്നത്തെ ബസ് യാത്രയിൽ പരമാവധി തുകകൾ നൽകി യാത്രചെയ്ത് ചികിത്സസഹായനിധി വിജയിപ്പിക്കണമെന്ന് സഹായനിധി സമിതിക്കുവേണ്ടി ചെയർമാൻ പ്രിൻസ് സ്കറിയ കൺവീനർ കെ. ജി. ബിനു എന്നിവർ അഭ്യർത്ഥിച്ചു.


