ബെൽഫാസ്റ്റ് : അയർലൻഡിന് എതിരായ രണ്ടാം ട്വന്റി 20യിലും നാണം കെട്ട് തോറ്റ് ഇന്ത്യ. രണ്ടാം ട്വന്റി20യിൽ ഒരു റണ്ണിനാണ് ഇന്ത്യ തോറ്റത്. രണ്ട് ഇന്ത്യൻ ഓപ്പണർമാരും ഗോൾഡൻ ഡക്കായി മടങ്ങിയത് പേര് കേട്ടഇന്ത്യൻ ബാറ്റിംങ് നിരയ്ക്ക് നാണക്കേടായി മാറി. ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് എട്ട് വിക്കറ്റ് നഷ്ടമാക്കി 154 റൺ നേടിയപ്പോൾ, ഒൻപത് വിക്കറ്റ് നഷ്ടമാക്കിയ ഇന്ത്യയ്ക്ക് 153 റൺ മാത്രമാണ് നേടാനായത്.
ആദ്യം ബാറ്റ് ചെയ്ത അയർലൻഡിനായി ഹാരി ടെക്ടർ 47 പന്തിൽ 53 റണ്ണാണ് നേടിയത്. ബെൻ കാൽടിസ് 23 പന്തിൽ 37 റണ്ണും നേടിയതാണ് നിർണ്ണായകമായി മാറിയത്. ലോറാൻ ടർക്കർ (15), ജോർജ് ഡോർക്കൽ (19), റോസ് ആഡിർ (16) എന്നിവരും ഭേദപ്പെട്ട സ്കോർ നേടി. ഇന്ത്യയ്ക്ക് വേണ്ടി പ്രിൻസ് യാദവ് മൂന്നും, അർഷദീപ് സിംങും ശിവം ദുബൈയും രണ്ട് വീതവും ഹർഷിത് റാണ ഒരു വിക്കറ്റും നേടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറുപടി ബാറ്റിംങ് ആരംഭിച്ച ഇന്ത്യയ്ക്ക് ഗോൾഡൻ ഡക്കായി സഞ്ജുവിനെയും (0), അഭിഷേകിനെയും (0) നഷ്ടമായി. രണ്ട് ഒരു റണ്ണിന് രണ്ട് വിക്കറ്റ് എന്ന നിലയിൽ തകർന്ന ഇന്ത്യയ്ക്ക് 19 ൽ വീണ്ടും തിരിച്ചടി കിട്ടി. മൂന്നാം വിക്കറ്റായി ശ്രേയസ് അയ്യർ (10) പുറത്ത്. 35 ൽ ഇഷാൻ കിഷനും (12) വീണതോടെ ഇന്ത്യ വൻ തോൽവി വീണ്ടും മണത്തു. എന്നാൽ, അക്സർ പട്ടേലും (14), ഒരു വശത്ത് നിന്ന തിലക് വർമ്മയും (55) നിന്നതോടെ ഇന്ത്യ 35 ന് നാല് എന്ന നിലയിൽ നിന്നും 74 ന് അഞ്ച് എന്ന നിലയിൽ എത്തി.
74 ൽ അക്സർ പട്ടേൽ പുറത്തായതിന് പിന്നാലെ എത്തിയ ശിവം ദുബൈ (20) ഇന്ത്യയെ നൂറ് കടത്തി. 109 ൽ ശിവം ദുബൈയും, 117 ൽ തിലക് വർമ്മയും വീണതോടെ ഇന്ത്യ തോൽവി ഉറപ്പിച്ചു. എന്നാൽ, 10 പന്തിൽ 21 റണ്ണുമായി ആഞ്ഞടിച്ച ഹർഷിത് റാണയാണ് ഇന്ത്യയുടെ തോൽവി ഒരു റണ്ണിനാക്കി കുറച്ചത്. അവസാന ഓവറിന്റെ അഞ്ചാം പന്തിൽ ഹർഷിത് റാണ പുറത്തായതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. സുയനേഷ് ഷെഡ്ജെ(1) പുറത്തായപ്പോൾ, അർഷദീപും (4), പ്രിൻസ് യാദവും (6) പുറത്താകാതെ നിന്നു. ജയ് മുദ്രയും മാറ്റ് ഹോളണ്ടും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി അയർലൻഡിന്റെ വിജയത്തിന് നിർണ്ണായകമായി.


